മുന്നണി മാറ്റമില്ല; സാദിഖലി ശിഹാബ് തങ്ങൾ

ബത്തേരി∙ മുന്നണി മാറ്റമില്ലെന്ന് ആവർത്തിച്ച് മുസ്‌ലിം ലീഗ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അതിൽനിന്ന് ഒരിഞ്ച് മാറില്ല. അതിന് ആരെങ്കിലും വെള്ളം വച്ചാൽ തീ കത്തില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. വയനാട് ബത്തേരിയിൽ മുസ്‌ലിം ലീഗ് ജില്ലാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിൽ വഴി കയറേണ്ട കാര്യം ലീഗിനില്ല. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം നിലനിർത്തേണ്ടത് ലീഗിന്റെ ഉത്തരവാദിത്തമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

‘‘മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യമൊന്നും മുസ്‌ലിം ലീഗിനില്ല. മുന്നണി മാറണമെങ്കിൽ തുറന്നു പറയൂ. കാര്യകാരണ സഹിതം തുറന്നു പറയൂ. ഇപ്പോൾ അതിന്റെ സാഹചര്യം തന്നെ ഇവിടെ നിലനിൽക്കുന്നില്ല. മുന്നണി ഉറപ്പിക്കാനുള്ള കാര്യകാരണങ്ങളാണ് ഇവിടെയുള്ളത്. മുന്നണി മാറാനുള്ള കാര്യകാരണങ്ങളായി ചിലർ പറയുന്നതിന്റെ ആയിരമിരട്ടി കാര്യകാരണങ്ങൾ മുന്നണി ഉറപ്പിക്കുവാൻ ഉണ്ട്. ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ മുന്നോട്ടു പോകണം. വേറെ ആരെങ്കിലും വല്ല വെള്ളവും അടുപ്പത്തു വച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ല’’– അദ്ദേഹം പറഞ്ഞു.

മുന്നണി മാറ്റമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. മുസ്‌ലിം ലീഗ് യുഡിഎഫിന്റെ നെടുംതൂണായി മുന്നണിയിലുണ്ടാകും. സംസ്ഥാന സർക്കാരിനെ മാറ്റാൻ മുന്നിലുണ്ടാകും. ലീഗ് വിശ്വാസവഞ്ചന കാണിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി തങ്ങൾ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.