ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ സെക്രട്ടറി അടക്കം 300 ഓളം പേർ ബിജെപിയിൽ ചേർന്നു.


ഗുവാഹത്തി: ആസാമില്‍ ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എഎഎസ്‌യു) മുന്‍ സെക്രട്ടറി ഉള്‍പ്പെടെ മുന്നൂറോളം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.ഇവരിൽ മുൻ എഎഎസ്‌യു നേതാവും കോൺഗ്രസിലെ മുൻ എംപിയുമായ കിരിപ് ചലിഹയുടെ മകനുമായ ദേബ്യജ്യോതി മേധിയും ബിജെപിയിൽ ചേർന്നു.ഗുവാഹത്തിയിലെ സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭബേഷ് കലിത, മന്ത്രി പിജൂഷ് ഹസാരിക, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് എഎഎസ്‌യു നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പല നേതാക്കളും പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആസാം മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ രംഗത്തുവരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വന്‍ വിജയം ഇതാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപിഎംഎല്‍എ ദിഗന്ത കലിത പറഞ്ഞു.

ആസാമില്‍ ബിജെപിയും ലോക്സഭാ തെരഞ്ഞെടുപ്പിന് പൂര്‍ണമായി ഒരുങ്ങുകയാണ്. 14 ലോക് സഭാ സീറ്റുകളില്‍ 12 എണ്ണം നേടാനുള്ള പരിശ്രമമാണ്. നരേന്ദ്ര മോദിയുടെ ഉറപ്പ് ജനങ്ങളിലേക്ക് എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും പ്രവര്‍ത്തകരും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ തയാറെടുപ്പിലാണ്. എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ വാര്‍ത്താസമ്മേളനം നടത്താനുള്ള തിരക്കിലാണെന്നും ദിഗന്ത കലിത പറഞ്ഞു.അതേസമയം, അസം ബിജെപി മഹിളാ മോർച്ചയുടെ മുൻ പ്രസിഡന്റ് അംഗുർലത ദേകയുടെ മൂന്ന് വർഷത്തെ കാലാവധി അടുത്തിടെ അവസാനിച്ചതോടെ സംസ്ഥാന ബിജെപി അധ്യക്ഷൻ സ്വപ്ന ബനിയയെ അധ്യക്ഷയായി നിയമിച്ചു. ബിലാസിപാറയ്ക്ക് ദേബോജിത് ബർകലിത, ചിരാംഗിന് രത്തൻ റായി എന്നീ രണ്ട് ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റുമാരെയും സംസ്ഥാന ബിജെപി നിയമിച്ചു.