ന്യൂഡൽഹി:സഭയിൽ ബഹളം 31 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന. കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി, ഡിഎംകെ എംപിമാരായ ടി.ആര്‍ ബാലു, ദയാനിധി മാരന്‍, ടിഎംസിയുടെ സൗഗത റോയ് അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് ശേഷിക്കുന്ന ശീതകാല സമ്മേളനത്തിലും പങ്കെടുക്കാനാവില്ല. അതേസമയം മൂന്ന് പേരെ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കെ ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവരെയാണ് റിപ്പോര്‍ട്ട് ലഭിക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ മുദ്രാവാക്യം വിളിക്കാന്‍ സ്പീക്കറുടെ വേദിയില്‍ കയറിയിരുന്നു. എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സഭയില്‍ അവതരിപ്പിച്ചത്. പിന്നാലെ ശബ്ദവോട്ടിലൂടെ ഇത് അംഗീകരിക്കപ്പെട്ടു.
ഡിസംബര്‍ 13-ന് നടന്ന പാര്‍ലമെന്റ് സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം കടുപ്പിച്ചത്. തുടര്‍ച്ചയായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശം സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. ഇതിനിടെ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം കണക്കിലെടുത്ത് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഡിസംബര്‍ 14ന് 13 ലോക്സഭാ എംപിമാരെയും ഒരു രാജ്യസഭാ എംപിയെയും സസ്പെന്‍ഡ് ചെയ്തിരുന്നു. എംപിമാരുടെ ‘അനിയന്ത്രിതമായ പെരുമാറ്റം’ ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ നടപടി. പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.
മാണിക്കം ടാഗോര്‍, കനിമൊഴി, പിആര്‍ നടരാജന്‍, വികെ ശ്രീകണ്ഠന്‍, ബെന്നി ബഹനാന്‍, കെ സുബ്രഹ്‌മണ്യം, എസ് വെങ്കിടേശന്‍, മുഹമ്മദ് ജാവേദ് എന്നിവരടക്കമുള്ള എംപിമാരെയാണ് ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറക് ഒബ്രിയാനാണ് രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഏക എംപി.

