ഒളിമ്പിക്‌സ്: രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയും പുറത്തായി.


പാരിസ്:ഒളിമ്ബിക്സ് പുരുഷ ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, എൻ.ശ്രീറാം ബാലാജി സഖ്യത്തിന് തോല്‍വി. ഫ്രാൻസിന്റെ ഗെയ്ല്‍ മോണ്‍ഫില്‍സ്, എഡ്വാർഡ് റോജർ-വാസ്സെലിൻ സഖ്യമാണ് ഇന്ത്യൻ താരങ്ങളെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്.ഒരു മണിക്കൂറും 16 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ 7-5, 6-2 എന്ന സ്കോറിനായിരുന്നു ഫ്രഞ്ച് സഖ്യത്തിന്റെ ജയം. അടുത്ത റൗണ്ടില്‍ രണ്ടാം സീഡ് ജർമൻ സഖ്യത്തെയായിരിക്കും ഇരുവരും നേരിടുക.

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യൻ സഖ്യം പിന്നിലേക്ക് പോയിരുന്നു. 2-4 എന്ന സ്കോറിനായിരുന്നു സഖ്യം പിന്നില്‍ നിന്നത്. പിന്നീട് 5-5ന് ഇന്ത്യൻ സഖ്യം സമനില പിടിച്ചു. എന്നാല്‍, ടൈബ്രേക്കറിനൊടുവില്‍ 44 മിനിറ്റില്‍ ഫ്രഞ്ച് സഖ്യം സെറ്റ് സ്വന്തമാക്കി.എന്നാല്‍, രണ്ടാം സെറ്റ് കൂടുതല്‍ ഏകപക്ഷീയമായിരുന്നു.

തുടക്കത്തില്‍ തന്നെ ബൊപ്പണ്ണ,ബാലാജി സഖ്യം പിന്നിലേക്ക് പോയി. പക്ഷേ, ഇക്കുറി മത്സരത്തിലേക്ക് തിരികെ വരാൻ ഇരുവർക്കും സാധിച്ചിരുന്നില്ല. നേരത്തെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത സുമിത് നാഗല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇതോടെ പാരീസ് ഒളിമ്ബിക്സില്‍ ടെന്നീസില്‍ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.