മുഹമ്മദ് മുയിസു മാലിദ്വീപിന്റെ പുതിയ പ്രസിഡൻറ്.


മാലിദ്വീപ് പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യസ്ഥാനാര്‍ത്ഥി മുഹമ്മദ് മുയിസുവിന് വിജയം. വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മാലിദ്വീപില്‍ 54.06 ശതമാനം വോട്ട് നേടിയാണ് മുഹമ്മദ് മുയിസു നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ മറികടന്നത്.ആദ്യ റൗണ്ടില്‍ 79 ശതമാനവും രണ്ടാം റൗണ്ടില്‍ 86 പോളിങ്ങും രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ തുടക്കം മുതല്‍ മുയിസു മുന്നിലായിരുന്നു. ആദ്യ റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ മുയിസുവിന് 53 ശതമാനം വോട്ടും സോലിഹിന് 46 ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്. നവംബര്‍ 17ന് മുയിസു സ്ഥാനാരോഹണം ചെയ്യുന്നതുവരെ സോലിഹ് താത്കാലിക പ്രസിഡന്റായി തുടരും.മുഹമ്മദ് മുയിസുവിന്റെ വിജയം മാലിദ്വീപിലെ ഇന്ത്യന്‍ സ്വാധീനത്തെയും ബാധിച്ചേയ്ക്കുമെന്നാണ് വിലയിരുത്തല്‍. നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ക്ക് വിരുദ്ധമാണ് മുഹമ്മദ് മുയിസുവിന്റേതെന്നതാണ് ഇതില്‍ പ്രധാനം. തലസ്ഥാന നഗരമായ മാലിയിലെ മേയറായി പ്രവര്‍ത്തിച്ചിരുന്ന മുയിസുവിന്റെ ചൈനീസ് അനുകൂല നിലപാട് നേരത്തെ തന്നെ സജീവ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ചൈനയുടെ ബെല്‍റ്റ് ആൻഡ് റോഡ് ഇൻഫ്രാസ്ട്രക്ചര്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദ് മുയിസു എന്നാണ് വിലയിരുത്തല്‍. നിലവില്‍ പ്രതിപക്ഷ സഖ്യമായ പിപിഎം-പിഎൻസി മുന്‍പ് അധികാരത്തിലിരുന്നപ്പോള്‍ മാലിദ്വീപിലെ ചൈനീസ് ഇടപെടല്‍ സജീവമായിരുന്നു. രാജ്യത്തേക്ക് വായ്പകളുടെ കുത്തൊഴുക്ക് നടന്ന സമയം കൂടിയായിരുന്നു ഇത്. ഇത്തവണ അധികാരം പിടിച്ചാല്‍ ചൈന മാലിദ്വീപ് ബന്ധത്തിന്റെ മറ്റൊരു അധ്യായത്തിന് തുടക്കമായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികൃതരുമായി നടന്ന ഒരു യോഗത്തില്‍ മുയിസു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ നയതന്ത്ര നയങ്ങളെ ഇന്ത്യയ്ക്ക് അനുകൂലമാക്കിയ സോലിഹിന്റെ നടപടികളെ മാറ്റി മറയ്ക്കുന്നതായിരിക്കും തിരഞ്ഞെടുപ്പ് ഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ ദ്വീപില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ദ്വീപില്‍ ഇന്ത്യ നേടുന്ന രാഷ്ട്രീയ സാമ്ബത്തിക സ്വാധീനത്തില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം പോലും സൂചിപ്പിക്കുന്നത്.