കാലം രാജേന്ദ്രൻ അന്തരിച്ചു;വിടവാങ്ങിയത് ഇടത് പ്രസ്ഥാനത്തിലെ വിപ്ലവ നായകൻ.

തിരുവനന്തപുരം :വൈകിട്ട് 5.30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹം മൂര്‍ച്ഛിച്ച്‌, കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 1950 നവംബര്‍ പത്തിന് കോട്ടയം കാനത്ത് ജനനം. വാഴൂര്‍ എസ് വി ആര്‍ എൻ എസ് എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍വച്ച്‌ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. 53 വര്‍ഷമായി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ല്‍ കോട്ടയംസംസ്ഥാനസമ്മേളനത്തില്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി.

എഐഎസ്‌എഫിലൂടെയായിരുന്നു പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എഐവൈഎഫ് പ്രവര്‍ത്തകനായ കാനം 1970 ല്‍ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരളത്തില്‍ എഐവൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

1970 ല്‍ സിപിഐ സംസ്ഥാന കൗണ്‍സിലിലും പിന്നീട് എൻ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എംഎൻ, സി അച്യുതമേനോൻ, ടി വി തോമസ്, വെളിയം ഭാര്‍ഗവൻ തുടങ്ങിയവ ര്‍ക്കൊപ്പമുള്ളപ്രവര്‍ത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്ബത്താണ് കാനത്തിന്റെ വഴികാട്ടി. യുവജന രംഗത്തു നിന്ന് നേരിട്ട് ട്രേഡ് യൂണിയൻ മേഖലയിലെ പ്രവര്‍ത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്.

1970 ല്‍ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയൻ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയായി. പി ബാലചന്ദ്ര മേനോൻ, കെ എ രാജൻ, പി ഭാസ്‌കരൻ, കല്ലാട്ട് കൃഷ്ണൻ, ടി സി എസ് മേനോൻ, കെ സി മാത്യു തുടങ്ങിയ മുൻനിര ട്രേഡ് യൂണിയൻ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പരിചയം പിന്നീട് എഐടിയുസിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്താൻ ഉപകരിച്ചു. ഈ ഘട്ടത്തിലാണ് വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും പുത്തൻതലമുറബാങ്കുകള്‍, ഐടി സ്ഥാപനങ്ങള്‍, മുതല്‍ സിനിമാ മേഖലയിലുള്‍പ്പെടെ പുതിയ യൂണിയനുകളുണ്ടാക്കിയത്. കെഇഡബ്ല്യുഎഫ് പ്രസിഡന്റ്, എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളില്‍ ട്രേഡ് യൂണിയൻ രംഗത്ത് ശ്രദ്ധേയ ഇടപെടല്‍ നിര്‍വഹിച്ചു.

1982 ല്‍ വാഴൂരില്‍ നിന്ന് നിയമസഭാംഗമായി. രണ്ട് തവണ വാഴൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ മികച്ച പാര്‍ലമെന്റേറിയൻ എന്ന ഖ്യാതി നേടി. ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍ താരാ സന്ദീപ്, വി സര്‍വേശ്വരൻ.രാജേന്ദ്രന്റെ ഭൗതിക ശരീരം നാളെ തിരുവനന്തപുരത്ത് എത്തിക്കും; മകന്റെ വസതിയിലും സിപിഐ ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും; ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക്; ശേഷം കാനത്തെ വസതിയിലേക്ക് കൊണ്ടുപോകും; സംസ്‌കാരം ഞായറാഴ്ച രാവിലെ10 മണിക്കാണ് നടക്കുക.