മഹുവ മൊയ്ത്ര പുറത്ത് .

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കല്‍. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മഹുവയെ പാര്‍ലമെന്റില്‍ നിന്ന് നീക്കണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തിട്ടില്ല.’എനിക്കിപ്പോള്‍ 49 വയസ്സാണ്. അടുത്ത 30 വര്‍ഷം പാര്‍ലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരും. എന്നെ പുറത്താക്കാൻ ഈ കങ്കാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും നിങ്ങള്‍ക്ക് അദാനി എത്ര വേണ്ടപ്പെട്ടവനാണെന്ന് രാജ്യത്തിന് കാണിച്ചുകൊടുത്തു. ഒരു വനിതാ എംപിയെ നിശബ്ദയാക്കാൻ നിങ്ങള്‍ ഏതറ്റംവരെ പോകുമെന്നും നടപടികള്‍ വ്യക്തമാക്കുന്നു. നാളെ എന്റെ വീട്ടിലേക്ക് സിബിഐയെ പറഞ്ഞയക്കുമെന്ന് എനിക്ക് ഉറപ്പാണ്. അടുത്ത ആറുമാസം തന്നെ ദ്രോഹിക്കുന്നത് തുടരും’, മഹുവ പറഞ്ഞു.അദാനിയുടെ 30,000 കോടി അഴിമതിക്കെതിരെ എന്തുനടപടിയാണ് സിബിഐ. എടുത്തത്? ഡാനിഷ് അലിക്കെതിരായ രമേഷ് ബിധൂരിയുടെ പരാമര്‍ശത്തില്‍ നടപടികളൊന്നുമെടുത്തില്ല. ബിജെപി ന്യൂനപക്ഷത്തേയും സ്ത്രീകളേയും വെറുക്കുന്നു. തനിക്കെതിരായ നടപടി കമ്മിറ്റിയുടെ അധികാരത്തിന് പുറത്താണ്. ഇത് നിങ്ങളുടെ അവസാനത്തിന്റെ തുടക്കമാണ്. തങ്ങള്‍ തിരിച്ചുവരുമെന്നും നിങ്ങളുടെ അവസാനം കാണുമെന്നും മഹുവ പറഞ്ഞു.

നേരത്തെ പ്രതിപക്ഷം ഉയര്‍ത്തിയ കടുത്ത എതിര്‍പ്പും മറികടന്നാണ് മഹുവയെ സ്പീക്കര്‍ ഓം ബിര്‍ള ലോക്‌സഭയില്‍ നിന്നും പുറത്താക്കിയത്. ഇന്ന് ഉച്ചയ്ക്കാണ് മഹുവയെപുറത്താക്കണമെന്നു ശുപാര്‍ശ ചെയ്യുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ കമ്മിറ്റി ചെയര്‍മാൻ വിനോദ് കുമാര്‍ സോങ്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടു മണിക്കു സഭ ചര്‍ച്ചയ്‌ക്കെടുത്തു. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ റിപ്പോര്‍ട്ട് സഭ അംഗീകരിക്കുകയായിരുന്നു.

അംഗത്തെ പുറത്താക്കുന്നതിനു ശുപാര്‍ശ നല്‍കാൻ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് തൃണമൂല്‍ അംഗം കല്യാണി ബാനര്‍ജി വാദിച്ചു. 405 പേജുള്ള റിപ്പോര്‍ട്ട് പഠിക്കാൻ സമയം വേണമെന്നും ചര്‍ച്ച മാറ്റിവയ്ക്കണമെന്നും കോണ്‍ഗ്രസിലെ അധീര്‍ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. എന്നാല്‍ സഭയുടെ അന്തസ്സു നിലനിര്‍ത്താൻ കടുത്ത നടപടി എടുക്കേണ്ടപ്പോള്‍ അത് എടുക്കുകതന്നെ വേണമെന്ന് സ്പീക്കര്‍ ഓം ബിര്‍ല നിലപാട് എടുക്കുകയായിരുന്നു. മഹുവ മൊയ്ത്രയെ ചര്‍ച്ചയില്‍ പങ്കെടുക്കാൻ അധ്യക്ഷൻ അനുവദിച്ചില്ല. മഹവുയ്ക്കു സമിതിക്കു മുമ്ബാകെ സംസാരിക്കാൻ അവസരം നല്‍കിയതാണെന്ന് ഓം ബിര്‍ല പറഞ്ഞു.

പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ‘മെഹുവ മൊയ്ത്രയുടെ പെരുമാറ്റം എംപിയെന്ന നിലയില്‍ അധാര്‍മികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്‌സ് കമ്മിറ്റിയുടെ നിഗമനങ്ങള്‍ ഈ സഭ അംഗീകരിക്കുന്നു. അതുകൊണ്ട് അവര്‍ എംപിയായി തുടരുന്നത് ഉചിതമല്ല’, മെഹുവയെ പുറത്താക്കിക്കൊണ്ട് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.ലോക്സഭയില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശൻ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബിജെപി. എംപി. നിഷികാന്ത് ദുബെയാണ് ലോക്‌സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നത്. തുടര്‍ന്ന് സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കാൻ വ്യവസായി ദര്‍ശൻ ഹിരനനന്ദാനി മഹുവയ്ക്കു പണം നല്‍കിയെന്നാണ് ആക്ഷേപം. അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ചോദ്യങ്ങള്‍ ഉന്നയിച്ചതായി ഹിരനന്ദാനി സത്യവാങ്മൂലത്തില്‍ സമിതിയെ അറിയിച്ചിരുന്നു.