പാക്കിസ്ഥാന്റെ തിരിച്ചടി;ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ബോംബാക്രമണം.

ടെഹ്റാൻ :പാകിസ്ഥാൻ അതിർത്തി കടന്ന് തീവ്രവാദ കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ ഇറാനെ ആക്രമിച്ചു.ഇറാനിലെ വിവിധ തലങ്ങളിലുള്ള ബലൂച്ച് കേന്ദ്രങ്ങൾക്ക് നേരെയാണ് പാക്കിസ്ഥാൻ ആക്രമണം അഴിച്ചുവിട്ടത്.  ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്നീ സംഘടനകളുടെ കേന്ദ്രങ്ങളെ പാകിസ്ഥാൻ ഇറാനിൽ ചെന്ന് തിരിച്ചടിച്ചതായാണ് പാക് മാധ്യമങ്ങൾ വ്യക്തമാക്കിയത്. അതേസമയം ഈ ആക്രമണങ്ങൾ എപ്പോൾ നടന്നുവെന്നോ എവിടെ നടന്നുവെന്നതോ സംബന്ധിച്ച് വിവരങ്ങളൊന്നും മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നുമില്ല. ഇപ്പോഴിതാ പാകിസ്ഥാൻ ആക്രമണം നടത്തിയ കാര്യം സമ്മതിച്ച് ഇറാൻ രംഗത്തെത്തിയിരിക്കുകയാണ്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ പാകിസ്ഥാനിലെ ഭീകരസംഘടനയുടെ ആസ്ഥാനത്ത് ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാൻ തിരിച്ചടിയുണ്ടായിരിക്കുന്നതെന്ന് വിവരം. 

പാകിസ്ഥാൻ തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറി ആക്രമണം നടത്തിയതായി ഇറാൻ സമ്മതിച്ചിരിക്കുകയാണ്. ആദ്യമായാണ് ഇറാൻ ഈ ആക്രമണത്തോട് പ്രതികരിച്ചത്. ആക്രമണങ്ങളെ ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. ഇറാനിലെ അസ്വസ്ഥമായ സിസ്താൻ, ബലൂചിസ്ഥാൻ പ്രവിശ്യയിലെ സരവൺ നഗരത്തിന് സമീപം നിരവധി സ്ഫോടനങ്ങൾ കേട്ടതായി സരവൺ പ്രവിശ്യയിലെ ഒരു ഡെപ്യൂട്ടി ഗവർണർ ജനറൽ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐആർഎൻഎയോട് വ്യക്തമാക്കിയിരിക്കുകയാണ്. സ്‌ഫോടനത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇറാനിലെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. . ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ), ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്) തുടങ്ങിയ ബലൂച് വിഘടനവാദ തീവ്രവാദ ഗ്രൂപ്പുകൾ ഇറാനിൽ സജീവമാണെന്നും അവിടെയിരുന്നുകൊണ്ട് അവർ  പാക് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നുണ്ട്. 

ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ടും ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും ഇറാൻ കേന്ദ്രമാക്കിക്കൊണ്ട് പാക്കിസ്ഥാനെതിരെ ഗൂഢാലോചന നടത്തുകയും ആക്രമണം നടത്തുകയും ചെയ്തുവെന്നാണ് പാകിസ്ഥാൻ്റെ ആരോപണം. ഇത്തരം സംഘടനകൾക്ക് അഭയം നൽകി സഹായിക്കുകയാണ് ഇറാൻ ചെയ്യുന്നതെന്നും പാകിസ്ഥാൻ പറയുന്നു. എന്നാൽ പകിസ്ഥാൻ്റെ ഈ ആരോപണങ്ങൾ ഇറാൻ തള്ളിക്കളയുകയാണ്. 

ധാതുസമ്പത്താൽ സമ്പന്നമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പാകിസ്ഥാനുള്ളിൽ സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാൻ്റെ അതിർത്തി വടക്ക് അഫ്ഗാനിസ്ഥാനോടും പടിഞ്ഞാറ് ഇറാനോടും ചേർന്നാണ്. നിരവധി നാളുകളായി പാകിസ്ഥാനിൽ നിന്ന് സ്വതന്ത്ര്യം ആവശ്യപ്പെടുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാൻ. മാത്രമല്ല പാകിസ്ഥാൻ തങ്ങളുടെ പ്രദേശത്ത് നിന്ന് സുപ്രധാന ധാതു വിഭവങ്ങൾ വേർതിരിച്ചെടുക്കുന്നതിനെ ബലൂചിസ്ഥാൻ എതിർക്കുകയും ചെയ്യുന്നു. നേരത്തെ ഇവിടെയുള്ള ധാതുസമ്പത്ത് ചൂഷണം ചെയ്തുവന്ന പാകിസ്ഥാൻ പിന്നീട് ചൈനയ്ക്ക് അനുമതി നൽകുകയായിരുന്നു. ഇതോടെ  ബലൂച് പൗരന്മാരുടെ എതിർപ്പ് വീണ്ടും വർധിച്ചു. ഈ പ്രതിഷേധമാണ് ബിഎൽഎ, ബിഎൽഎഫ് സംഘടനകൾ പാകിസ്ഥാൻ- ചെെനീസ് സെെനികരുമായി പോരാട്ടത്തിൽ ഏർപ്പെടുന്നതിൻ്റെ കാരണം.