ഓപ്പറേഷൻ താമരയോ; ഷട്ടാർ വീണ്ടും ബിജെപി കൂടാരത്തിൽ .

ന്യൂഡല്‍ഹി: കർണാടക മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ വീണ്ടും ബിജെപിയില്‍. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവില്‍ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു.ബിജെപി പാർലമെന്ററി ബോർഡ് അംഗവും കർണാടക മുൻ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ, പാർട്ടി കർണാടക ഘടകം അദ്ധ്യക്ഷന് വിജയേന്ദ്ര എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.

മുൻ മുഖ്യമന്ത്രിയും നീണ്ട കാലയളവില്‍ ബിജെപി എംഎല്‍എയുമായിരുന്നു ഷെട്ടാർ 2023 ഏപ്രില്‍ 16 ന് ബിജെപിയില്‍ നിന്നും രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ് നിർണയവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് പാർട്ടി വിടാൻ കാരണമായത്. പിന്നാലെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹൂബ്ലി – ദർവാഡ് സെൻട്രലില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു. എന്നാല്‍ ബിജെപിയുടെ മഹേഷ് തങ്കിനകയോട് 34,000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.ഉത്തര കർണാടകയില്‍ വളരെ സ്വാധീനമുള്ള ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഷെട്ടാർ.