ന്യൂഡല്‍ഹി:രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള തെരഞ്ഞെടുപ്പ് ബോണ്ട് മൗലികാവകാശത്തിന് വിരുദ്ധമെന്ന് സുപ്രിംകോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ 2017ലെ സാമ്ബത്തിക നിയമ ഭേദഗതികള്‍ സുപ്രിംകോടതി റദ്ദാക്കി. അറിയാനുള്ള അവകാശം ജനാധിപത്യ തത്വങ്ങള്‍ക്കും ബാധകമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി.
ഇലക്‌ട്രല്‍ ബോണ്ട് നിര്‍വ്വചിച്ച 2017ലെ നിയമ ഭേദഗതികളെല്ലാം റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി. ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പ്രത്യേകം വിധിന്യായമെഴുതി. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് ഭരണഘടനാ സാധുതയില്ലെന്നാണ് ഭരണഘടനാ ബെഞ്ചിന്റെ ഐകകണ്‌ഠേനയുള്ള വിധി. ഭരണഘടനയുടെ അനുച്ഛേദം 19.1.എ ഉറപ്പുനല്‍കുന്ന മൗലികാവകാശമായ അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് ബോണ്ട്. കള്ളപ്പണം നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് ബോണ്ട് മാത്രമല്ല ഉപാധി.
കള്ളപ്പണം നിയന്ത്രിക്കാന്‍ വേണ്ടി പൗരന്റെ അറിയാനുള്ള അവകാശം ലംഘിക്കാനാവില്ല. അറിയാനുള്ള അവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്കും ബാധകമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനയ്ക്ക് സ്വകാര്യത അവകാശം ബാധകമാവില്ല. സംഭാവന നല്‍കുന്നവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനമുണ്ടാക്കാനാവും. ഇത് രാഷ്ട്രീയ പാര്‍ട്ടികളുടെ നയതീരുമാനങ്ങളെ ബാധിക്കും. ഈ സാഹചര്യത്തില്‍ 2013ലെ കമ്ബനി നിയമം, 1957ലെ ആര്‍ബിഐനിയമം, 1951ലെ ജനപ്രാതിനിധ്യ നിയമം, നികുതി നിയമം എന്നിവയില്‍ വരുത്തിയ സാമ്ബത്തിക നിയമ ഭേദഗതി ഭരണഘടനാ പരമായി നിലനില്‍ക്കുന്നതല്ല. നഷ്ടത്തിലായ കമ്ബനികള്‍ക്കും സംഭാവന നല്‍കാമെന്ന നിയമ ഭേദഗതി ചില പരസ്പര നേട്ടങ്ങള്‍ക്ക് വേണ്ടിയാണ്. വ്യക്തികളെക്കാള്‍ സ്വാധീനം സംഭാവന നല്‍കുന്ന കമ്ബനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നേടാനാവും.
ഇലക്ടറല്‍ ബോണ്ട് നിർത്തലാക്കണമെന്ന സുപ്രീംകോടതി വിധിയിൽ രൂക്ഷ പ്രതികരണവുമായി രാഹുൽ .ബിജെപിക്ക് കൈക്കൂലിയും കമ്മീഷനും വാങ്ങാനുള്ള വഴിയാണ് ഇലക്ടറല്‍ ബോണ്ട് എന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു.
‘നരേന്ദ്ര മോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇലക്ടറല്‍ ബോണ്ടിനെ കൈക്കൂലിയും കമ്മീഷനും വാങ്ങാനുള്ള ഒരു വഴിയായാണ് ബിജെപി കാണുന്നത്. ഇന്ന് ഈ കാര്യം തെളിഞ്ഞിരിക്കുകയാണ്’, രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന നല്‍കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സുപ്രീംകോടതി തടഞ്ഞത്. പാർട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാൻ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സംഭാവന സംബന്ധിച്ച് മുഴുവൻ വിവരങ്ങളും പാർട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണം. പാർട്ടികള്‍ക്ക് ലഭിച്ച സംഭാവന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

