ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറി.

കൊൽക്കത്ത:ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി.ഇന്ന് വൈകുന്നേരം 4.15ന് ഉള്ളില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും ബംഗാള്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്ന് ഇഡി ഡിവിഷന്‍ ബെഞ്ചിന് മുമ്ബാകെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു.

ചൊവ്വാഴ്ചത്തെ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനം വാദിച്ചെങ്കിലും ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഷാജഹാന്‍ ഷെയ്ഖിന്റെ കസ്റ്റഡി സിബിഐക്ക് നല്‍കാതിരിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു.

റേഷന്‍ തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് സന്ദേശ്ഖാലിയിലെ ഷെയ്ഖിന്റെ സ്ഥാപനം റെയ്ഡ് ചെയ്യാന്‍ പോയ ഇഡി ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികള്‍ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ഫെബ്രുവരി 29 ന് പശ്ചിമ ബംഗാള്‍ പൊലീസ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തിരുന്നു.കൽക്കട്ട ഹൈക്കോടതിയുടെ പുതിയ നിർദ്ദേശത്തിന് മണിക്കൂറുകൾക്ക് ശേഷം, സന്ദേശ്ഖാലി ഇഡി ഔദ്യോഗിക ആക്രമണ കേസിലെ പ്രതി ഷാജഹാൻ ഷെയ്ഖിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ബുധനാഴ്ച കസ്റ്റഡിയിൽ വിട്ടു.

വൈകിട്ട് 6.45ഓടെയാണ് ഷെയ്ഖിനെ സിബിഐ കസ്റ്റഡിയിലേക്ക് മാറ്റിയത്.ആക്രമണം അന്വേഷിക്കാൻ സിബിഐയുടെയും സംസ്ഥാന പൊലീസിൻ്റെയും സംയുക്ത പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവും കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.