കൊച്ചി:മാവോയിസ്റ്റ് കബനി ദളത്തിലുൾപ്പെട്ട മാവോവാദി കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ സ്വദേശിയായ ആഷിക് എന്ന മനോജാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.വ്യാഴാഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് 26കാരനായ മനോജിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പിടികൂടിയിരുന്നു.
മാവോയിസ്റ്റ് നേതാക്കളുമായി സജീവ ബന്ധമുണ്ടായിരുന്ന തൃശൂർ വിയ്യൂർ സ്വദേശി മനോജിനെ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കാണാതായിരുന്നു.സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ എസ്.പി. തപോഷ് ബസുമതാരിയുടെ കീഴലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിൽ പണം സംഘടിപ്പിക്കാൻ എത്തിയതായിരുന്നു ഇയാളെന്നാണ് സൂചന. ബ്രഹ്മപുരത്തുനിന്ന് പണം വാങ്ങി മടങ്ങുമ്പോഴാണ് പിടിയിലായത്. 14-ഓളം യു.എ.പി.എ. കേസുകളിൽ പ്രതിയാണ് ഇയാൾ. തീവണ്ടിയിൽ കയറി സീറ്റിലിരുന്നപ്പോഴാണ് പിടികൂടിയത്.
നെടുമ്പാശ്ശേരിയിലെ എ.ടി.എസ്. അസ്ഥാനത്ത് വിശദമായി ചോദ്യംചെയ്തുവരുന്നു. ഒപ്പമുള്ളവരെക്കുറിച്ച് വിവരം ശേഖരിച്ചുവരുന്നു.
വയനാട്ടിൽ അവശേഷിക്കുന്ന നാലു മാവോയിസ്റ്റുകളിൽ ഒരാളാണ് മനോജ്. മലപ്പുറം സ്വദേശി സി.പി. മൊയ്തീന്‍, വയനാട് സ്വദേശി സോമന്‍, തമിഴ്‌നാട് സ്വദേശിയായ സന്തോഷ് എന്നിവരാണ് ജില്ലയിൽ ഇനി അവശേഷിക്കുന്നത്.

