മൃതദേഹങ്ങൾ മണ്ണിൽപുതഞ്ഞത് വെല്ലുവിളി ; കൂടുതൽ സൈനികർ ദുരന്ത സ്ഥലത്ത്.

കൽപ്പറ്റ:വയനാട്ടില്‍ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ എത്തും.ഇന്ന് രക്ഷാപ്രവർത്തനം നിർത്തുമ്പോൾ 125 ഓളം മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്.ഇതിലും കൂടുതൽ മൃതദേഹങ്ങൾ മണ്ണിൽ അകപ്പെട്ടു പോയിട്ടുണ്ടാവും എന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്.വൈദ്യ ശുശ്രൂഷ ത്വരിതപ്പെടുത്താൻ നാളെ രണ്ട് മെഡിക്കല്‍ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. അതിരാവിലെ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക-കേരള സബ് ഏരിയ കമാന്റര്‍ മേജര്‍ ജനറല്‍ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. വയനാട്ടിലെ കണ്‍ട്രോള്‍ റൂമിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കും.

മദ്രാസ്, മറാത്ത റെജിമെന്റുകളില്‍ നിന്ന് 140 പേരാണ് നാളെ ദുരന്തഭൂമിയില്‍ എത്തുക. 330 അടി ഉയരമുള്ള താത്കാലിക പാലം നാളെ നിര്‍മ്മാണം തുടങ്ങും. ബെംഗളൂരുവില്‍ നിന്ന് നാളെ പുലര്‍ച്ചെ പാലത്തിന്റെ ഭാഗങ്ങള്‍ എത്തിക്കും. അതിനായി ബെംഗളൂരുവില്‍ നിന്ന് സംഘം പുറപ്പെട്ടു കഴിഞ്ഞു. ആര്‍മി
എഞ്ചിനിയറിങ്ങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിര്‍മാണത്തിന് എത്തുന്നത്.

പാലം നിര്‍മ്മാണത്തിനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കി. ചെറുപാലങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് നാളെ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. ഇതോടൊപ്പം ഡല്‍ഹിയില്‍ നിന്ന് മൂന്ന് സ്‌നിഫര്‍ ഡോഗുകളേയും എത്തിക്കും. മൃതദേഹങ്ങള്‍ കണ്ടെത്താനാണ് സ്‌നിഫര്‍ ഡോഗുകളെ എത്തിക്കുന്നത്.