ചണ്ഡിഗഡ്:നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ തർക്കം രൂക്ഷമായ ഹരിയാണ ബി.ജെ.പി.യില്‍ നോതാക്കളുടെ രാജി തുടരുന്നു.സംസ്ഥാന ബി.ജെ.പി വൈസ് പ്രസിഡന്റും മുതിർന്ന നേതാവുമായ ജി.എല്‍.ശർമ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേർന്നു. 250 പാർട്ടി ഭാരവാഹികള്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശം. ഹരിയാണ ക്ഷീരവികസന കോർപ്പറേഷന്റെ ചെയർമാനായിരുന്നു ശർമ.മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ചെറുമകനും ബി.ജെ.പി നേതാവുമായ ആദിത്യ ദേവിലാല്‍ ആണ് പാർട്ടിവിട്ട മറ്റൊരു പ്രമുഖൻ. ലോക്ദളിലാണ് അദ്ദേഹം ചേക്കേറിയത്. ഹരിയാണ മാർക്കറ്റിങ് ബോർഡ് ചെയർമാൻ സ്ഥാനം ആദിത്യ അടുത്തിടെ രാജിവെച്ചിരുന്നു. സിർസ ജില്ലയില്‍ ബി.ജെ.പി.യുടെ മുഖമായ ആദിത്യ ദേവിലാലിന്റെ രാജി, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.ദേവിലാല്‍ കുടുംബത്തില്‍നിന്ന് ഒരാഴ്ചക്കിടെ ബി.ജെ.പി വിടുന്ന രണ്ടാമത്തെ ആളാണ് ആദിത്യ. ദേവിലാലിന്റെ മകനും സംസ്ഥാന ഊർജ-ജയില്‍ മന്ത്രിയുമായ രഞ്ജിത്ത് ചൗട്ടാലയാണ് ആദ്യം പാർട്ടി വിട്ടത്. സ്ഥാനാർഥി പട്ടികയിലെ അതൃപ്തിയെ തുടർന്ന് മറ്റൊരു നേതാവായ ബച്ചൻ സിങ് ആര്യയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവ് രാജീവ് ജയിനും മുൻ കാബിനറ്റ് മന്ത്രി കവിതാ ജയിനും കലഹത്തിലാണ്. പാർട്ടി പ്രവർത്തകരുടെയും അനുയായികളുടെയും യോഗം വിളിച്ചാണ് ഇവർ പ്രതിഷേധിച്ചത്.യോഗത്തില്‍ ഹരിയാണ മുൻമുഖ്യമന്ത്രി മനോഹർലാല്‍ ഖട്ടർ, സ്ഥാനാർഥി നിഖില്‍ മദൻ എന്നിവർക്കെതിരേ മുദ്രാവാക്യമുയർത്തി. കവിതാ ജയിൻ പൊട്ടിക്കരഞ്ഞതും വാർത്തയായിരുന്നു. കൂടുതല്‍ നേതാക്കള്‍ ഇനിയും പുറത്തുപോകുമെന്നാണ് സൂചന.ലക്ഷ്മണ്‍ദാസ് നാപ്പ എം.എല്‍.എ.യാണ് രാജിവച്ചവരില്‍ പ്രമുഖൻ. മുൻ എം.പി. സുനിതാ ദുഗ്ഗലിന് തന്റെ മണ്ഡലമായ രതിയയില്‍ സ്ഥാനാർഥിത്വം നല്‍കിയതോടെയാണ് നാപ്പ പ്രതിഷേധമുയർത്തിയത്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേർന്നു.ഇന്ദ്രി മണ്ഡലത്തില്‍ രാംകുമാർ കാശ്യപിന് ടിക്കറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഒ.ബി.സി. മോർച്ചാ നേതാവും മുൻ മന്ത്രിയുമായ കർണദേവ് കാംബോജ് പാർട്ടിയില്‍നിന്ന് രാജിവെച്ചിരുന്നു.ബവാനി ഖേര മണ്ഡലത്തില്‍ കപൂർ വത്മീകിക്ക് സീറ്റുനല്‍കിയതില്‍ പ്രതിഷേധിച്ച് കിസാൻ മോർച്ച അധ്യക്ഷസ്ഥാനവും പാർട്ടി അംഗത്വവും സുഖ്വിന്ദർ ഷെരോണ്‍ രാജിവെച്ചു.ഉഖ്ലാന മണ്ഡലത്തില്‍ അനൂപ് ധനകിനെ രംഗത്തിറക്കിയതില്‍ ഇടഞ്ഞ് മുതിർന്ന നേതാവ് ഷംഷേർ ഗില്‍ പാർട്ടി അംഗത്വം രാജിവെച്ചു.സോനിപ്പത്ത് മണ്ഡലത്തില്‍ നിഖില്‍ മദനെ സ്ഥാനാർഥിയാക്കിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി.യുടെ യുവനേതാവ് അമിത് ജയിൻ പാർട്ടിവിട്ടു.
ഹരിയാന ബിജെപിയിൽ വൻ കൊഴിഞ്ഞു പോക്ക്.

