ജമ്മുവിന് ഉപ മുഖ്യമന്ത്രി; താഴ്‌വരയിൽ നിന്നും മുഖ്യമന്ത്രി.

ജമ്മു-കശ്മീർ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറൻസ് നേതാവ് സുരീന്ദർ ചൗധരിയും സ്ഥാനമേറ്റു.ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷനല്‍ കോണ്‍ഫറൻസ് സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സക്കീന മസൂദ് , ജാവേദ് ദാർ, ജാവേദ് റാണ, സുരീന്ദർ ചൗധരി, സതീഷ് ശർമ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. സക്കീന മസൂദും ദാറും കശ്മീർ താഴ്‌വരയിൽ നിന്നുള്ളവരും റാണ, ചൗധരിയും ശർമയും ജമ്മുവിൽ നിന്നുള്ളവരുമാണ്.

വിവിധ ദേശീയ പാർട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരും മറ്റു ദേശീയ നേതാക്കളും പങ്കെടുത്തു.