ലാഹോര്‍: പാക്കിസ്ഥാൻ ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യ ചന്ദ്രനില്‍ എത്തി, ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്ബോള്‍ തങ്ങളുടെ രാജ്യം ലോകത്തോട് ഭിക്ഷ യാചിക്കുകയാണെന്ന് നവാസ് ഷെരീഫ് കുറ്റപ്പെടുത്തി.”ഇന്ത്യ ചന്ദ്രനില്‍ എത്തി, ജി 20 ഉച്ചകോടി നടത്തുമ്ബോള്‍ പാക്കിസ്ഥാൻ പ്രധാനമന്ത്രി രാജ്യങ്ങള്‍ തോറും ഭിക്ഷ യാചിക്കുന്നു. എന്തുകൊണ്ട് പാക്കിസ്ഥാന് ഇന്ത്യ നേടിയ നേട്ടങ്ങള്‍ കൈവരിക്കാൻ കഴിഞ്ഞില്ല. ആരാണ് ഇതിന് ഉത്തരവാദി?” അദ്ദേഹം ചോദിച്ചു.
നിലവില്‍ ലണ്ടനില്‍ കഴിയുന്ന നവാസ് ഷെരീഫ് തിങ്കളാഴ്ച വൈകിട്ട് ലാഹോറില്‍ നടന്ന പാര്‍ട്ടി യോഗത്തെ വിഡിയോ കോണ്‍ഫറൻസ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു. ”അടല്‍ ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോള്‍ ഒരു ബില്യൻ ഡോളര്‍ മാത്രമായിരുന്നു ഇന്ത്യയുടെ വിദേശനാണ്യ ശേഖരം. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 600 ബില്യൻ ഡോളറായി ഉയര്‍ന്നു. ഇന്ത്യ ഇന്ന്എവിടെ എത്തിനില്‍ക്കുന്നു. എന്നാല്‍, പാക്കിസ്ഥാൻ പണത്തിനുവേണ്ടി ലോകത്തിനു മുന്നില്‍ ഭിക്ഷ യാചിക്കുകയാണ്” അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ തന്റെ നാല് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാൻ ഒക്ടോബര്‍ 21ന് രാജ്യത്തേക്ക് മടങ്ങുമെന്നും ഷെരീഫ് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്നും ഷെരീഫ് പറഞ്ഞു.

