കൊച്ചി :നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച 26 വായ്പാ ആപ്പുകള്‍ നിരോധിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമൻ.കൂടുതലും ചൈനീസ് ആപ്പുകളാണ് തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈൻ വായ്പാ ആപ്പുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ ഹൈബി ഈഡൻ എംപിയോടാണു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍നിന്നു പ്രവര്‍ത്തിക്കുന്ന അപ്പുകള്‍ക്കെതിരേ അറസ്റ്റ് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കിയതായും എംപി പറഞ്ഞു.
കടമക്കുടിയില്‍ രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെപശ്ചാത്തലത്തില്‍, നിയമലംഘനം നടത്തുന്ന പണമിടപാട് ആപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ കര്‍ശനമായ ശിക്ഷകളും പിഴകളും നിയമ നടപടികളും നടപ്പാക്കണം. ആവശ്യമെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും ഹൈബി ഈഡൻ എംപി നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

