കൊൽക്കത്ത:യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍വന്ന ശാന്തിനികേതനിലെ ഫലകത്തിൽ നിന്നും ടാഗോറിന്റെ പേര് മാറ്റിയത് അംഗീകരിക്കാൻ ആവില്ലെന്ന് മമത ബാനർജി . ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചതിന്റെ സ്മരണാർത്ഥമാണ് ഫലകം സ്ഥാപിച്ചത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ സ്ഥാപിച്ച ഫലകത്തില്‍ നിന്ന് രബീന്ദ്രനാഥ ടാഗോറിന്റെ പേര് ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയത്. ഉടന്‍ തന്നെ ഫലകത്തില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. ‘യുനെസ്‌കോയുടെ ടാഗ് ലഭിച്ചത് ടാഗോറിന് മാത്രം അവകാശപ്പെട്ടതാണ്, എന്നാല്‍ നിങ്ങള്‍ ഫലകങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു. ദുര്‍ഗാപൂജയുടെ ആഘോഷങ്ങള്‍ കാരണം ഞങ്ങള്‍ നിശബ്ദരായിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിക്കകം നിലവിലുള്ള ഫലകങ്ങള്‍ മാറ്റി പുതിയവ സ്ഥാപിച്ചില്ലെങ്കില്‍ നമ്മുടെ ആളുകള്‍ കോബിഗുരുവിന്റെ (ടാഗോര്‍) ഫോട്ടോകള്‍ നെഞ്ചോട് ചേര്‍ത്ത് പ്രക്ഷോഭം നടത്തും’ ബാനര്‍ജി പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ടാഗോറിന്റെ പേര് ഒഴിവാക്കി സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വൈസ് ചാന്‍സലര്‍ ബിദ്യുത് ചക്രബര്‍ത്തിയുടെയും പേരുകളുള്ള മാര്‍ബിള്‍ ഫലകങ്ങള്‍ സര്‍വകലാശാല അധികൃതര്‍ സ്ഥാപിച്ചത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. പൈതൃക സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള താത്കാലിക ഘടന മാത്രമാണിതെന്ന് വിശ്വഭാരതി വക്താവ് മഹുവ ബന്ദ്യോപാധ്യായ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മമത ബാനര്‍ജിയുടെ പ്രക്ഷോഭ മുന്നറിയിപ്പിനെക്കുറിച്ച് സര്‍വകലാശാലയ്ക്ക് ഒന്നും പറയാനില്ലെന്നാണ് മഹുവ ബന്ദ്യോപാധ്യായ പ്രതികരിച്ചത്. ‘ശാന്തിനികേതനിലും വിശ്വഭാരതിയിലും ടാഗോര്‍ സര്‍വ്വവ്യാപിയാണ്. ടാഗോര്‍ ഇല്ലാതെ ശാന്തിനികേതന്‍ ഒന്നുമാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ടിഎംസി അധ്യക്ഷ മമത ബാനര്‍ജി വിവാദം ഉയര്‍ത്തുകയാണ്’ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ മാധ്യമങ്ങളോട് പറഞ്ഞു.’രാജ്യത്തെ എല്ലാ നേട്ടങ്ങളുടെയും ക്രെഡിറ്റ് തനിക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വിശ്വസിപ്പിക്കുമ്പോള്‍, സംസ്ഥാനത്തിന്റെ എല്ലാ പദ്ധതികളിലും സംസ്ഥാനം സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും തന്റെ ഫോട്ടോ ആലേഖനം ചെയ്ത അതേ ചിന്തയാണ് മുഖ്യമന്ത്രി മമത ബാനര്‍ജിക്കുള്ളതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം ഡി സലിം പറഞ്ഞു.
ശാന്തിനികേതനിലെ ഫലകത്തിൽ നിന്നും ടാഗോറിന്റെ പേര് ഒഴിവാക്കിയത് അംഗീകരിക്കില്ല; മമതാ ബാനർജി .

