പാർട്ടി മാറ്റം സജീവം; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് .

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളില്‍ നേതാക്കളുടെ കൂറുമാറ്റം തുടരുന്നു. രാജസ്ഥാനില്‍ മുൻമന്ത്രി രാം ഗോപാല്‍ ഭൈരവും മുൻ എംഎല്‍എ അശോക് തൻവറും കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നത് ഇന്നലെയാണ്.ഇരു നേതാക്കള്‍ക്കുമൊപ്പം ഒട്ടേറെ പ്രവര്‍ത്തകരും ബിജെപി സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷിയുടെയും ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ രാജ്യവര്‍ധൻ സിംഗ് റാത്തോഡിന്‍റെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.

രാജസ്ഥാനില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമാണെങ്കില്‍ തെലുങ്കാനയില്‍ കോണ്‍ഗ്രസ് വക്താവ് പല്‍വായ് ശ്രവന്തിയാണ് ബിജെപിലേക്കു ചേക്കേറിയത്. ഔദ്യോഗിക പദവികളില്‍നിന്നു രാജിവച്ചതായി അവര്‍ ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നുതെലുങ്കാനയില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് നേതൃത്വം പരിഹാരം കാണുമെന്ന പ്രതീക്ഷയില്‍ ഏറെ കാത്തിരുന്നുവെന്ന് പറഞ്ഞ അവര്‍ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഒരാള്‍ കാരണം പാര്‍ട്ടി ഒരു കച്ചവടസ്ഥാപനമായെന്ന് മുതിര്‍ന്ന നേതാവ് രേവന്ത് റെഡ്ഡിയെ ലക്ഷ്യമിട്ട് ശ്രവന്തി ആരോപിച്ചു.

രേവന്ത് റെഡ്ഡിയെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ തകര്‍ച്ച തുടങ്ങുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. നേരത്തേ സംഘടനാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചിരുന്നുവെങ്കിലും അനുകൂല പ്രതികരണങ്ങള്‍ ലഭിച്ചിരുന്നില്ല.