കര്‍ണി സേന അധ്യക്ഷനെ വെടിവെച്ചുകൊന്നവരെ അറസ്റ്റ് ചെയ്തു.

ജെയ്പുര്‍: രാജസ്ഥാനിലെ സായുധ ഗ്രൂപ്പായ ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേനയുടെ അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദിയെ വെടിവെച്ചുകൊന്ന അക്രമിസംഘം പിടിയില്‍.രണ്ട് ഷൂട്ടര്‍മാരും ഒരു സഹായിയും അടക്കം മൂന്നു പേരാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രി ചണ്ഡിഗഡില്‍ ഡല്‍ഹി ക്രൈംബ്രാഞ്ചും രാജസ്ഥാൻ പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്.

രോഹിത് റാത്തോഡ്, നിതിൻ ഫൗജി എന്നിവരാണ് പിടിയിലായ ഷൂട്ടര്‍മാര്‍. ഉദ്ധമാണ് അറസ്റ്റിലായ മൂന്നാമൻ. ഗോഗമേദി കൊലപാതകത്തില്‍ ഉദ്ധമിന്‍റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

കൊലപാതകം നടത്തിയ ശേഷം സ്കൂട്ടര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ച ശേഷം രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലെ ഹിസാറില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മണാലിയിലേക്ക് പോയി സംഘം ചണ്ഡീഗഡിലേക്ക് മടങ്ങുകയായിരുന്നു.

ഡിസംബര്‍ അഞ്ചിനാണ് കര്‍ണി സേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദിയെ ശ്യാംനഗര്‍ മേഖലയിലെ വീട്ടില്‍വെച്ച്‌ അക്രമിസംഘം വെടിവെച്ചുകൊന്നത്. വീട്ടിലേക്ക് അതിക്രമിച്ചുകടന്ന മൂന്നു പേര്‍ ഗോഗമേദിക്ക് നേരെ വെടിവെക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഗോഗമേദിയുടെ ജീവൻ രക്ഷിക്കാനായില്ല.

വെടിവെപ്പില്‍ ഗോഗമേദിയുടെ സുരക്ഷ ഭടനും മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു. തിരിച്ചുള്ള വെടിവെപ്പില്‍ അക്രമികളില്‍പെട്ട നവീൻ സിങ്അക്രമികളില്‍പെട്ട നവീൻ സിങ് ശെഖാവത് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ രജപുത്ര സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് കര്‍ണിസേന.