മൂന്നാം തവണയും മോഡിയോ ;335 സീറ്റ് പ്രവചനവുമായി ഇന്ത്യ ടുഡേ .

ന്യൂഡൽഹി :മൂന്നാം തവണയും ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. എന്നാല്‍ മോദി ലക്ഷ്യമിടുന്ന 400 സീറ്റെന്ന നേട്ടത്തിലെത്താന്‍ എന്‍ഡിഎയ്ക്ക് സാധിച്ചേക്കില്ല. എന്‍ഡിഎ 335 സീറ്റുകള്‍ നേടി അധികാരത്തില്‍ പിടിമുറുക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകളുടെ പരിധി നിസാരമായി മറികടക്കും. എന്നാല്‍ സഖ്യത്തിന് മൊത്തത്തില്‍ 18 സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യം വലിയ നേട്ടമുണ്ടാക്കും.  പ്രതിപക്ഷ സഖ്യം 166 സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷ. പക്ഷേ എന്‍ഡിഎ ശക്തികേന്ദ്രത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സഖ്യത്തിന് കഴിയില്ലെന്നും സര്‍വേ പ്രവചിക്കുന്നു.പാര്‍ട്ടി തിരിച്ചുള്ള സീറ്റ് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍, 543 സീറ്റുകളില്‍ 304 സീറ്റുകള്‍ ബിജെപി നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്വതന്ത്രമായി കേവല ഭൂരിപക്ഷം നേടാനുള്ള ശേഷി ഉറപ്പിക്കുന്നു. 2019ല്‍ നേടിയ 303 സീറ്റുകളേക്കാള്‍ ഒരു സീറ്റ് മാത്രമാണ് അധികം ലഭിക്കുക. കഴിഞ്ഞ തവണത്തേക്കാള്‍ 19 സീറ്റുകള്‍ വര്‍ധിപ്പിച്ച് 71 സീറ്റുകളോടെ കോണ്‍ഗ്രസ് രണ്ടാമത്തെ വലിയ കക്ഷിയാകും. ബാക്കിയുള്ള 168 സീറ്റുകള്‍ പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരും ഉള്‍പ്പെടെ മറ്റുള്ളവര്‍ നേടും.

മധ്യപ്രദേശിലെ ആകെ 29 സീറ്റുകളില്‍ 27ലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിക്കുമെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 2 സീറ്റ് മാത്രമേ ലഭിക്കൂ. എന്‍ഡിഎയ്ക്ക് 58 ശതമാനം വോട്ടും കോണ്‍ഗ്രസിന് 38.2 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ എന്‍ഡിഎ 28 സീറ്റുകള്‍ നേടി.

മഹാരാഷ്ട്രയില്‍ ഇന്ത്യാ മുന്നണി 26 സീറ്റുകള്‍ നേടുമെന്ന് സർവ്വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 12 സീറ്റുകള്‍ നേടുമെന്നും സഖ്യകക്ഷികളായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി), ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-ശരദ്ചന്ദ്ര പവാര്‍ എന്നിവര്‍ 14 സീറ്റുകള്‍ നേടുമെന്നുമാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ആകെയുള്ള 48 ലോക്സഭാ സീറ്റുകളില്‍ ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും 22 സീറ്റുകള്‍ നേടിയേക്കും. 

ഇന്ത്യാ മുന്നണിക്ക് 45 ശതമാനം വോട്ട് ലഭിക്കുമെന്നും എന്‍ഡിഎയ്ക്ക് 40 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48ല്‍ 41 സീറ്റും എന്‍ഡിഎ നേടി. ബിജെപി ഒറ്റയ്ക്ക് 23 സീറ്റുകള്‍ നേടി. ബിജെപി സഖ്യകക്ഷിയായ ശിവസേന 18 സീറ്റുകള്‍ നേടി. അന്നത്തെ എന്‍സിപി നാല് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്.

തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റുകളിലും ഇന്ത്യാ മുന്നണിക്ക് വിജയംപ്രതിപക്ഷ സഖ്യം 47 ശതമാനവും ബിജെപി നയിക്കുന്ന എന്‍ഡിഎ 15 ശതമാനവും വോട്ട് വിഹിതം നേടുമെന്നാണ് സര്‍വേ പറയുന്നത്.

ഡല്‍ഹി രാഷ്ട്രീയ രംഗത്ത്ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ദേശീയ തലസ്ഥാനത്ത് ഏഴ് സീറ്റുകളും തൂത്തുവാരിയേക്കും. ഇത് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും.

പഞ്ചാബില്‍13 ലോക്സഭാ സീറ്റുകളില്‍ ഇരുപാര്‍ട്ടികളും അഞ്ച് സീറ്റുകള്‍ വീതം നേടും. ബിജെപി രണ്ട് സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷ. എഎപിക്ക് 27 ശതമാനവും കോണ്‍ഗ്രസിന് 38 ശതമാനവും ബിജെപിക്ക് 17 ശതമാനവും ശിരോമണി അകാലിദളിന് 14 ശതമാനവും മറ്റുള്ളവര്‍ക്ക് 4 ശതമാനവും വോട്ട് വിഹിതം ലഭിക്കുമെന്ന് സര്‍വേ പറയുന്നു. 

പശ്ചിമ ബംഗാളില 42ലോക്സഭാ സീറ്റുകളിൽ 22 സീറ്റുകള്‍ തൃണമൂൽ നേടും. ബിജെപി 19 സീറ്റുകള്‍ നേടുമെന്നും സർവേ പ്രവചിക്കുന്നു.

കേരളത്തിലെ ആകെയുള്ള 20 ലോക്‌സഭാ സീറ്റുകളും ഇന്ത്യാ മുന്നണി തൂത്തുവാരുമെന്ന് സർവ്വേ അഭിപ്രായപ്പെട്ടു.എൻഡിഎ പതിവുപോലെ പൂജ്യത്തിൽ ഒതുങ്ങിയേക്കും .