തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സർവകലാശാല വി.സിക്കെതിരെ നടപടി. ഡോ. എം.ആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തു.ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉത്തരവിട്ടത്.
സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിനാണ് ഉത്തരവിട്ടതായി ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവർണർ അറിയിച്ചു.
ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും വി.സി ചാൻസലറെ വിവരം അറിയിച്ചത് ഇന്നലെയാണ്. വി.സി ഗുരുതരമായ വീഴ്ച വരുത്തി. വി.സിയുടേത് ഉത്തരവാദിത്തമില്ലായ്മയാണ്. ചുമതല നിർവഹിക്കുന്നതില്‍ ഉദാസീനതകാണിച്ചു. ചട്ടപ്രകാരമുള്ള ഇടപെടല്‍ നടത്താതെ കൃത്യവിലോപം കാണിച്ചു. കാംപസില്‍ സൗഹാർദപരമായ ഇടപെടല്‍ ഉണ്ടായില്ല. സർവകലാശാലാ കാര്യങ്ങളിലും അലംഭാവം പുലർത്തിയെന്നും ഗവർണർ പറഞ്ഞു.
സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്നും ഗവർണർ ആരോപിച്ചു. പോസ്റ്റ്‌മോർട്ടത്തില്‍ വയറ്റില്‍ ഒന്നും ഇല്ലായിരുന്നു. ഭക്ഷണം നല്‍കിയില്ലെന്നാണ് ഇതു കാണിക്കുന്നത്. പല യൂനിവേഴ്‌സിറ്റികളിലും എസ്.എഫ്.ഐയും പി.ഫ്.ഐയും ഒന്നിച്ചുപ്രവർത്തിക്കുകയാണ. ഒരു ഹോസ്റ്റല്‍ അവരുടെ ആസ്ഥാനമായി പ്രവർത്തിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.സിദ്ധാർഥൻ മരിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ രണ്ടു പേരടക്കം മൂന്നുപേർ ഇന്ന് പിടിയിലായിരുന്നു. കൊല്ലം ഓടനാവശം സ്വദേശിയായ സിൻജോ ജോണ്‍സണ്‍ (21), കാശിനാഥൻ, അല്‍ത്താഫ് എന്നിവർ ഇന്നു പുലർച്ചെ പിടിയിലായത്.
കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നാണ് സിൻജോയെ പിടികൂടിയത്. കാശിനാഥൻ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. അല്‍ത്താഫിനെ ഇരവിപുരത്തെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്. ഇന്നലെയും നാലു എസ്.എഫ്.ഐ പ്രവർത്തകർ പിടിയിലായിരുന്നു. ഇതോടെ കേസില്‍ ആകെ 13 പേരാണ് പിടിയിലായത്.
സിൻജോ ജോണ്‍സണും കാശിനാഥനും പുറമെ, പ്രതികളായ സൗദി റിസാല്‍,അജയ് കുമാർ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോണ്‍സനാണ് മകനെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ഇന്നലെ വീട് സന്ദർശിച്ച എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് സിദ്ധാർഥന്റെ പിതാവ് ടി. ജയപ്രകാശ് പറഞ്ഞിരുന്നു.
കേസില്‍ ഇനി 5 പേരാണ് ഇപ്പോഴും ഒളിവില്‍ കഴിയുന്നത്. 18 പേരെയാണ് പ്രാഥമികമായി കേസില്‍ പ്രതി ചേർത്തിട്ടുള്ളത്. ഇവരെ കോളജില്‍നിന്ന് സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ നീക്കം തുടങ്ങി.

