മോസ്‌കോ ആക്രമണം: റഷ്യൻ കോടതി നാല് പേർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി.

മോസ്കോ: നൂറ്റിമുപ്പത്തേഴു പേരുടെ മരണത്തിനിടയാക്കിയ മോസ്കോ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ദലേർഡ് ജോണ്‍ മിർസോയേവ് (32) സൈദക്രമി മുറോദലി രച്ചബാലിസോദ (30) ഷംസുദിൻ ഫരീദുനി (25) മുഹമ്മദ് സോബിർ ഫിസോവ് (19) എന്നീ പ്രതികള്‍ക്കെതിരേ മോസ്കോയിലെ ബാസ്മാനി ജില്ലാ കോടതി ഭീകരാക്രമണ കുറ്റം ചുമത്തുകയും ചെയ്തു.

രണ്ടു പ്രതികള്‍ കുറ്റം സമ്മതിച്ചതായി കോടതി ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. മൂന്നുപേർ കുറ്റം സമ്മതിച്ചുവെന്ന് റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നാലു പ്രതികളും കടുത്ത മർദനത്തിനു വിധേയരായ നിലയിലാണ്. ഒരാള്‍ ബോധരഹിതനായ നിലയിലായിരുന്നു. ഈ സാഹചര്യത്തില്‍ സ്വമേധയാ കുറ്റം ഏറ്റതാണോ എന്നതില്‍ അവ്യക്തതയുണ്ട്. അന്വേഷണത്തിനിടെ പ്രതികള്‍

അതിക്രൂരമായ മർദനത്തിന് ഇരയായെന്ന് റഷ്യൻ മാധ്യമങ്ങള്‍ പറയുന്നു.

രച്ചബാലിസോയയുടെ ചെവികള്‍ മുറിച്ച നിലയിലാണ്. ഫിസോവിനെ ആശുപത്രിയില്‍ നിന്നും വീല്‍ചെയറിലാണ് കോടതിയിലെത്തിച്ചത്. കോടതി നടപടിക്കിടയിലും ഇയാള്‍ കണ്ണ് തുറന്നതേയില്ല. കോടതിയിലും ഡോക്ടർമാരുടെ നിരീക്ഷണം തുടർന്നിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. മറ്റു രണ്ടുപേരുടെയും മുഖം നീരുവച്ച നിലയിലും.

വെള്ളിയാഴ്ച ക്രോകസ് സിറ്റി ഹാളില്‍ നടന്ന സംഗീതനിശയ്ക്കിടെ കടന്നുകയറിയ പ്രതികള്‍ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു.

ആക്രമണത്തിൽ 137 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു 60 പേരുടെ നില ഗുരുതരമാണെന്നും റഷ്യൻ അധികൃതർ അറിയിച്ചു.

ആക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷം തിങ്കളാഴ്ച – റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ മുതിർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞു, “ഇസ്‌ലാമിക ലോകം തന്നെ നൂറ്റാണ്ടുകളായി പോരാടുന്ന ഒരു പ്രത്യയശാസ്ത്രത്തിൻ്റെ അനുയായികളായ തീവ്ര ഇസ്ലാമിസ്റ്റുകളുടെ കൈകളാൽ കുറ്റകൃത്യം ചെയ്തതാണെന്ന് ഞങ്ങൾക്കറിയാം”.എന്നാൽ അക്രമികൾക്ക് ഉക്രേനിയൻ സർക്കാരുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി കടന്ന് തങ്ങളുടെ പ്രദേശത്തേക്ക് രക്ഷപ്പെടാൻ അവരെ അനുവദിക്കുന്നതിന് കൈവ് “ഒരു ജാലകം തയ്യാറാക്കി” എന്ന് അവകാശപ്പെട്ട് ശനിയാഴ്ച തൻ്റെ ആദ്യ പ്രതികരണത്തിൽ അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നു.

ഇവർ താജിക്കിസ്ഥാനിലെ പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് പറഞ്ഞു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസിന്‍റെ ഒരു വിഭാഗംഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ പങ്കുണ്ടെന്നു കരുതുന്ന ഏഴുപേരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.