ടെഹ്റാൻ :ഇസ്രായേലിനെതിരെ നടന്ന ആക്രമങ്ങൾക്ക് തിരിച്ചടിയായി ഇറാനിലേക്ക് മിസൈലുകൾ തൊടുത്ത് ഇസ്രയേൽ. ഇസ്രയേലിന്റ മിസൈലുകൾ ഇറാനിൽ പതിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ എബിസി ന്യൂസിനോട് പറഞ്ഞു. എന്നാൽ, ഇറാഖിലും സിറിയയിലും ആക്രമണം ഉണ്ടായിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
ഇസ്ഫഹാൻ, തബ്രെസ് എന്നിവയുൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളിലും സ്ഫോടന ശബ്ദം കേട്ടു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഏപ്രിൽ 13 ന് ഇറാൻ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണിത്. ഇസ്രായേലിന് നേരെ ഇറാൻ 300 മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിരുന്നു.
നതാന്‍സ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്റെ നിര്‍ണായക പ്രദേശമാണ് ഇസ്ഫഹാന്‍സ് പ്രവിശ്യ. ഇറാന്‍ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇറാൻ അടുത്തിടെ നടത്തിയ സുപ്രധാന വ്യോമാക്രമണത്തിന് മറുപടിയായി ഇസ്രായേൽ സ്വതന്ത്രമായി നടപടിയെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബുധനാഴ്ച പറഞ്ഞിരുന്നു. മറുവശത്ത്, ഇസ്രായേൽ നടത്തുന്ന ഏറ്റവും ചെറിയ അധിനിവേശം പോലും ഇറാനിൽ നിന്ന് വലിയ പ്രതികരണത്തിന് കാരണമാകുമെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയും വ്യക്തമാക്കി.
ഇറാൻ നഗരമായ ഇസ്‌ഫഹാന് സമീപം ഉച്ചത്തിലുള്ള സ്‌ഫോടനം ഉണ്ടായത് “സംശയാസ്‌പദമായ ഒരു വസ്തുവിന് നേരെ വ്യോമ പ്രതിരോധ വെടിവയ്പ്പ് നടത്തിയതാണ്”, ഒരു ഇറാനിയൻ സീനിയർ മിലിട്ടറി കമാൻഡർ പറഞ്ഞു, ഇറാൻ്റെ സർക്കാർ വാർത്താ ഏജൻസി തസ്‌നിം റിപ്പോർട്ട് ചെയ്യുന്നു.
തസ്‌നിം പറയുന്നതനുസരിച്ച്, ഇസ്‌ഫഹാൻ പ്രവിശ്യയിലെ സീനിയർ മിലിട്ടറി കമാൻഡർ സെക്കൻഡ് ബ്രിഗേഡിയർ ജനറൽ മിഹാൻദൗസ്‌ത് പറഞ്ഞു.
ഇറാനിൽ ഇസ്രായേൽ അക്രമം നടത്തിയതായി യുഎസ് ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട് . എന്നാൽ ഇസ്രായേൽ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
പ്രധാന ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെ പ്രദേശത്തെ എല്ലാ സൗകര്യങ്ങളും സുരക്ഷിതമാണെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു .
ഇസ്ഫഹാൻ പ്രവിശ്യയിൽ യുദ്ധവിമാനങ്ങൾ സ്ഥിതി ചെയ്യുന്ന സൈനിക താവളത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ മൂന്ന് സ്ഫോടനങ്ങൾ കേട്ടതായി ഇറാൻ്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

