നൂറ്റാണ്ടുകൾക്ക് ശേഷം നളന്ദയ്ക്ക് പുനർജന്മം.

പട്‌ന:പൗരാണിക ഭാരതത്തിലെ ലോക പ്രസിദ്ധി യാർജിച്ച നളന്ദ സർവ്വ കലാശാലയ്ക്ക് പുതിയ മുഖം. വൈദേശികഅക്രമത്തിൽ തകർന്നടിഞ്ഞ നളന്ദയ്ക്ക് നൂറ്റാണ്ടുകൾക്ക് ശേഷം പുനർജന്മമായി.ഭാരതഭൂമിയിൽ അധിനിവേശം നടത്തിയ ടർക്കിഷ്-അഫ്ഗാൻ അക്രമണകാരി മുഹമ്മദ് ബക്തിയാർ ഖിൽജി മുച്ചൂടും നശിപ്പിച്ച നളന്ദ സർവകലാശാലയുടെ പുതിയ ക്യാമ്ബസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. 17 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

പുരാതന നളന്ദ സർവകലാശാലയുടെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പുതിയ ക്യാമ്ബസ്. 2007ൽ ഫിലിപ്പീൻസിൽ നടന്ന രണ്ടാം ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലാണ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള തീരുമാനം നടപ്പിലാക്കിയത്. 1700 കോടി രൂപ മുതൽമുടക്കിലാണ് പുതിയ സർവ്വകലാശാല സ്ഥാപിക്കുന്നത്. ഒരു കാലത്ത് വിദ്യാഭ്യാസത്തിൻ്റെ ഏറ്റവും വലിയ അടയാളമായി ആഗോള തലത്തിൽ തന്നെ നിലനിന്ന വിദ്യാഭ്യാസ സ്ഥാപനമാണ് നളന്ദ യൂണിവേഴ്സിറ്റി.
അഞ്ചാം നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യത്തിന് കീഴിൽ കുമാര ഗുപ്തനാണ് നളന്ദ സർവകലാശാല സ്ഥാപിക്കുന്നത്. ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും നളന്ദയിൽ ഒരേ സമയം താമസിച്ച് പഠിച്ചിരുന്നു. ഇന്ത്യയിലെ ആദ്യകാല സർവകലാശാലകളായ നളന്ദയും തക്ഷശിലയും വിക്രമശിലയുമെല്ലാം വേദ പഠനരീതിയാണ് പിന്തുടർന്നിരുന്നത്.

കനൗജിലെ രാജാവായിരുന്ന ഹർഷനായിരുന്നു നളന്ദയെ പ്രതാപത്തിലേക്ക് ഉയർത്തിയത്. ഒമ്ബതാം നൂറ്റാണ്ടുവരെ സർവപ്രതാപിയായി നളന്ദ സർവകലാശാല പ്രവർത്തിച്ചു. പിന്നീടുള്ള കാലം നളന്ദക്ക് തിരിച്ചടികളുടേതായിരുന്നു.

1193ല്‍ മുഹമ്മദ് ബിൻ ബക്തിയാർ ഖില്‍ജിയുടെ ആക്രമണത്തിലാണ് നളന്ദ സർവകലാശാല തകർന്ന് തരിപ്പണമായത്. ലൈബ്രറികള്‍ കത്തിച്ചുകളഞ്ഞു. ഏകദേശം 90 ലക്ഷം പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ഉണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു. ഗ്രന്ഥശാലയ്ക്ക് തീയിട്ട ശേഷം 3 മാസത്തോളം പുസ്തകങ്ങള്‍ കത്തിക്കൊണ്ടിരുന്നു.

19-ാം നൂറ്റാണ്ടില്‍ ആർക്കിയോളജിക്കല്‍ സർവെ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഉത്ഖനനം നടത്തി വീണ്ടെടുത്തതാണ് ഇപ്പോള്‍ കാണുന്ന നളന്ദ സർവ്വകലാശാലയുടെ സംരക്ഷിത ഭാഗങ്ങള്‍.1915-1937, 1974-1982 കാലങ്ങളിലാണ് പ്രധാനമായും പുരാവസ്തു ശേഷിപ്പുകൾ ശേഖരിച്ചത്. ഡേവിഡ് ബി. സ്പൂണർ, ഹിരാനന്ദ് ശാസ്ത്രി , പാലക് ഷാ, ജെഎ പേജ്, എം. കുറൈഷി, ജി.സി. ചന്ദ്ര, എൻ. നസിം, അമലാനന്ദ ഘോഷ് .എന്നിവരാണ് വിവിധ കാലഘട്ടങ്ങളിലായി പുരാവസ്തു ഗവേഷണങ്ങളിൽ ഏർപ്പെട്ടിരുന്നത്.