നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് നേതാവ് കെപി ശർമ ഓലി പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

കാഠ്മണ്ഡു :നാലാം തവണയാണ് 72 വയസുകാരനായ ഓലി അധികാരത്തിലെത്തുന്നത്. മുൻ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ ജനപ്രതിനിധിസഭയില്‍ അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതിനെത്തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് റാം ചന്ദ്ര പൗഡേല്‍ അംഗീകരിച്ചത്.

ഭരണഘടനാപരമായ ഉത്തരവനുസരിച്ച് നിയമനം ലഭിച്ച് 30 ദിവസത്തിനകം പാർലമെൻ്റിൽ നിന്ന് ഒലിക്ക് വിശ്വാസവോട്ട് നേടേണ്ടതുണ്ട്. 275 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ (HoR) ഒലിക്ക് കുറഞ്ഞത് 138 വോട്ടുകൾ ആവശ്യമാണ്.

2015-2016 കാലഘട്ടത്തിൽ ആദ്യമായി പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഒലി, 2018 ഫെബ്രുവരി മുതൽ 2021 ജൂലൈ വരെ രണ്ട് വ്യത്യസ്ത ടേമുകളിലായി സർക്കാരിൻ്റെ തലവനായിരുന്നു.

നേപ്പാളി കോൺഗ്രസിൽ നിന്നുള്ള 88 പേരും UML-ൽ നിന്നുള്ള 78 പേരും ഉൾപ്പെടെ 166 നിയമസഭാംഗങ്ങളുടെ പിന്തുണയോടെ അവകാശവാദമുന്നയിച്ച ശേഷമാണ് ഒലി നിയമനം നേടിയത്.

രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവൻ്റെ പ്രധാന കെട്ടിടമായ ശീതല്‍ നിവാസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് നേപ്പാള്‍ യൂണിഫൈഡ് മാ‍ർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻ-യുഎംഎല്‍) അധ്യക്ഷനായ ഓലി പ്രധാനമന്ത്രിയാകുന്നത്.

നേപ്പാളി കോണ്‍ഗ്രസ് പാർട്ടിയുടെ പ്രസിഡൻ്റ് ഷേർ ബഹദൂർ ദ്യൂബയുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യത്തിൻ്റെ പ്രധാനമന്ത്രിയാണ് ഒലി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള 2008ല്‍ രാജവാഴ്ചനിർത്തലാക്കിയായതിന് ശേഷം നേപ്പാളില്‍ 13 സർക്കാരുകളാണ് ഉണ്ടായിട്ടുള്ളത്.