പാലക്കാട്: മലയാളിയായ മാവോയിസ്റ്റ് നേതാവ് പാലക്കാട് പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സോമൻ ആണ് പിടിയിലായത്.ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാൻഡർ ആണ് സോമൻ.
ഇന്നലെ രാത്രിയോടെയായിരുന്നു സോമൻ പിടിയിലായത്. ഷൊർണൂരില്‍ നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു സോമൻ. ഇതിനിടെ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഭീകര വിരുദ്ധ സ്‌ക്വാഡ് വളയുകയായിരുന്നു. 2012 മുതല്‍ കബനി നാടുകാണി ദളങ്ങളുടെ കമാൻഡർ ആണ്.
ദിവസങ്ങള്‍ക്ക് മുൻപ് കൊച്ചിയില്‍ നിന്നും സോമന്റെ കൂട്ടാളിയായ മനോജിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സോമനെ പിടികൂടിയത് എന്നാണ് വിവരം.വയനാട്ടിലെ വെങ്ങപ്പള്ളിയിൽ ആണ് സോമന്റെ വീട്.മലപ്പുറം സ്വദേശി സിപി മൊയ്തീൻ,തമിഴ്നാട് സ്വദേശി സന്തോഷ് എന്നിവരാണ് ഇവരിൽശേഷിക്കുന്ന മാവോയിസ്റ്റുകൾ.
ആറളം ഫാം മേഖല കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് ഭീകര സംഘങ്ങള്‍ പ്രവർത്തിക്കുന്നതായി ഭീകര വിരുദ്ധ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണവും പരിശോധനയും തുടരുകയായിരുന്നു. ഇതിനിടെയാണ് സോമൻ പിടിയിലായത്. കഴിഞ്ഞ രണ്ട് വർഷമായി ഇയാളെ പോലീസ് തിരയുകയാണ്.

