പ്രധാനമന്ത്രി ദുരന്ത മേഖല സന്ദർശിച്ചു;പ്രതീക്ഷയോടെ കേരളം.

കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ ഉള്‍പ്പെട്ട മെമ്മോറാണ്ടമാണ് സമര്‍പ്പിക്കേണ്ടത്.

ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.

ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ മുതല്‍ വിവരങ്ങള്‍ തേടുന്നുണ്ടായിരുന്നു. സഹായിക്കാന്‍ കഴിയുമായിരുന്ന എല്ലാ കേന്ദ്ര ഏജന്‍സികളേയും സംഭവസ്ഥലത്തേക്ക് അയച്ചു. ഇത് സാധാരണ ദുരന്തമല്ല. ആയിരത്തോളംകുടുംബങ്ങളുടെ സ്വപ്നങ്ങളാണ് തകര്‍ന്നത്. സ്ഥലത്തെ അവസ്ഥ നേരില്‍ കണ്ടു. ദുരന്തം നേരിട്ടവരെ ദുരിതാശ്വാസക്യാമ്ബുകളില്‍ എത്തി കണ്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

ദുരന്തമുണ്ടായ ദിവസം രാവിലെ തന്നെ ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. സഹായം നല്‍കുമെന്നും എത്രയും പെട്ടെന്ന് സംഭവസ്ഥലത്ത് എത്തുമെന്നും ഉറപ്പ് നല്‍കി. എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, സൈന്യം, പോലീസ്, ഡോക്ടര്‍മാര്‍ എല്ലാവരും ദുരന്തബാധിതരെ സഹായിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഉറപ്പാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ളത്. നമ്മളെല്ലാവരും അവര്‍ക്കൊപ്പമുണ്ട്. കേന്ദ്രം കേരളസര്‍ക്കാരിനൊപ്പമുണ്ടെന്നും പണത്തിന്റെ അഭാവത്തിന്റെ മൂലം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.

കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കും. ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കുകയാണ് ഇപ്പോള്‍ ഏറ്റവും പ്രധാനം. നൂറ് കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തകര്‍ന്നത്. ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കളക്ടേറ്റിലെ അവലോകന യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ദുരന്തബാധിത പ്രദേശങ്ങളായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്ബിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സൈന്യം ചൂരല്‍മലയില്‍ നിര്‍മ്മിച്ച ബെയ്ലി പാലത്തിലൂടെ പ്രധാനമന്ത്രിനടക്കുകയും ചെയ്തു. ഏകദേശം 700 മീറ്ററോളം ദൂരം പ്രധാനമന്ത്രി നടന്ന് കാണുകയായിരുന്നു. വയനാട് കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മോദി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മടങ്ങി. അവിടെ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരല്‍മലയിലെത്തിയത്. കല്പറ്റയിലെ എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാര്‍ഗമാണ് ദുരന്തമുണ്ടായ ചൂരല്‍മലയില്‍ എത്തിയത്.