ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി.


ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ളാദേശ്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്‌ദ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.ഹസീനയ്ക്കെതിരെ കുറ്റം ചുമത്തുന്നതിന് ധാക്ക ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി.

ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുല്‍ ഖാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്‌മാൻ ഖാൻ കമല്‍, മുൻ പൊലീസ് ഇൻസ്‌പെക്ടർ ജനറല്‍ ചൗധരി അബ്‌ദുല്ല അല്‍ മാമൂൻ എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. അബു സെയ്‌ദിന്റെ സുഹൃത്ത് അമീർ ഹംസ ഷട്ടീല്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഹസീന രാജ്യം വിട്ടതിനുശേഷം അവർക്കെതിരെ ചുമത്തുന്ന ആദ്യത്തെ കേസാണിത്.

സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് രാജിക്ക് പിന്നാലെ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന രാജ്യം വിട്ടത്. പിന്നാലെ നൊബേല്‍ പുരസ്‌കാര ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ളാദേശില്‍ ഇടക്കാല സർക്കാർ ചുമതലയേറ്റിരുന്നു.