മോഡിക്ക് വാഴ്സോയിൽ ഉജ്ജ്വല വരവേൽപ്പ്.


വാഴ്സോ :പോളണ്ട് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. വാഴ്സോയിലെ സൈനിക വിമാനത്താവളത്തിലെത്തിയ മോദിയെ ഗാർഡ് ഓഫ് ഓണർ നല്‍കി പോളിഷ് സേന സ്വീകരിച്ചു.45 വർഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. 1979ല്‍ മൊറാർജി ദേശായിയാണ് ഒടുവില്‍ പോളണ്ട് സന്ദർശിച്ചത്. പോളണ്ടിലെ മലയാളിയായ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്കടക്കമുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാർത്ഥികളെ സ്വീകരിച്ച ഇന്ത്യൻ രാജാക്കൻമാർക്ക് പോളണ്ടിലുള്ള സ്മാരകങ്ങളില്‍ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 70 -ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ സന്ദർശനം. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയില്‍ നിന്ന് പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവില്‍ എത്തുക. നയതന്ത്ര ബന്ധം ആരംഭിച്ച്‌ 30 വര്‍ഷമാകുമ്ബോളാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയിൻ സന്ദര്‍ശിക്കുന്നത്. റഷ്യ – യുക്രൈൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ മോദിയുടെ യുക്രൈൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറും. റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ നിന്ന് തിരിക്കും മുന്നേയിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.