രാഹുൽ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ പതിവാക്കുന്നു ;അമിത് ഷാ.

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവിരുദ്ധ പരാമർശങ്ങള്‍ നടത്തുന്നത് രാഹുലും കോണ്‍ഗ്രസും ശീലമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.വിദേശത്തുപോയി ഇന്ത്യാവിരുദ്ധ പരാമർശം നടത്തുന്നു. രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചു.

യു.എസ്. സന്ദർശനത്തിനിടെ രാഹുല്‍ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. ജാതി സെൻസസ്, സംവരണം, സിഖ് വിഷയം അടക്കമുള്ളവയില്‍ യു.എസ്. സന്ദർശനവേളയില്‍ രാഹുല്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്സ് പ്ലാറ്റ് ഫോമില്‍ കൂടി ആഭ്യന്തരമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി രാജ്യവികാരത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ളതും സുരക്ഷയെ ബാധിക്കുന്നതുമായ പരാമർശങ്ങളാണ് നടത്തുന്നതെന്ന് അമിത് ഷാ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഭാഷകളിലെ, മതങ്ങളിലെ, പ്രദേശങ്ങളിലെ വേർതിരിവുകളെക്കുറിച്ച്‌ സംസാരിക്കുന്നതിലൂടെ രാഹുലിന്റെ വിഭജന ചിന്തയെയാണ് കാണിക്കുന്നതെന്നും അമിത് ഷാ കുറിച്ചു.

ഇന്ത്യ അടിസ്ഥാനപരമായി കൂട്ടിച്ചേർക്കലുകളും ഒന്നിപ്പിക്കലുമാണെന്നും എന്നാല്‍, വ്യത്യസ്ത ധാരകളുടെ കൂട്ടായ്മയായി ഇന്ത്യയെ കാണുന്നതിനെ ആർ.എസ്.എസ്. തെറ്റിദ്ധരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം വാഷിങ്ടണിലെ ജോർജ്ടൗണ്‍ സർവകലാശാലയില്‍ വിദ്യാർഥികളുമായി സംവദിക്കുവെ രാഹുല്‍ പറഞ്ഞത്. ‘ഭാഷകളുംപാരമ്ബര്യങ്ങളും ചരിത്രങ്ങളും മതങ്ങളുമെല്ലാം കൂടിച്ചേർന്നതാണ് ഇന്ത്യ. നിങ്ങളിവിടെ ഉച്ചഭക്ഷണം കഴിക്കുമ്ബോള്‍ ആദ്യ കോഴ്സ്, രണ്ടാം കോഴ്സ് (ഭക്ഷണം ഓരോന്നായി വിളമ്ബുന്ന ക്രമം) എന്നിങ്ങനെ ലഭിക്കും. എന്നാല്‍, ഞങ്ങള്‍ക്ക് താലി (സദ്യ)യാണ് ലഭിക്കുക. അതില്‍ എല്ലാം വെച്ചിരിക്കും. ഇതിലെ എല്ലാ ഭക്ഷണത്തിനും ഒരേ മൂല്യമാണ്. അതാണ് ഇന്ത്യയുടെ കൂട്ടിച്ചേർക്കലെന്ന ആശയം’- എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ഇന്ത്യക്കാർ അവരുടെ ആരാധനാലയങ്ങളില്‍ പോയി അവരുടെ ദൈവവുമായി ലയിക്കുന്നു. ഇതാണ് ഇന്ത്യയുടെ സ്വഭാവം. എന്നാലിക്കാര്യത്തില്‍ ആർ.എസ്.എസിന് തെറ്റിദ്ധാരണയാണ്. മോദി എന്ന ആശയം -55 ഇഞ്ച് നെഞ്ച്, ദൈവവുമായി നേരിട്ടുള്ള ബന്ധം, അതെല്ലാംചരിത്രമായി. പൊതുതിരഞ്ഞെടുപ്പു ഫലം മോദി എന്ന ആശയം തകർത്തുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.

രാഹുലിൻ്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത് പ്രാദേശികത, മതം, ഭാഷാപരമായ വ്യത്യാസങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി വിള്ളലുണ്ടാക്കുന്ന കോണ്‍ഗ്രസിൻ്റെ രാഷ്ട്രീയമാണെന്ന് പറഞ്ഞ അമിത് ഷാ, രാജ്യത്ത് സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച്‌ സംസാരിച്ചത് വഴി കോണ്‍ഗ്രസിൻ്റെ സംവരണ വിരുദ്ധ മുഖം ഒരിക്കല്‍ കൂടി വെളിവായെന്നും കൂട്ടിച്ചേർത്തു.ബിജെപി ഇവിടെയുള്ളയിടത്തോളം കാലം ആര്‍ക്കും സംവരണം ഇല്ലാതാക്കാനോ, രാജ്യ സുരക്ഷ തകര്‍ക്കാനോ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.