ഹിസ്ബുള്ളയുടെ ഒരു ഉന്നത കമാൻഡർ കൂടി കൊല്ലപ്പെട്ടു.

ഹിസ്ബുളളയുടെ ഉന്നത കമാൻഡറായ മുഹമ്മദ് ഹുസൈൻ സ്രോറിനെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് (ഐഡിഎഫ്).1973ല്‍ തെക്കൻ ലെബനൻ ഗ്രാമമായ ‘ഐത അല്‍ ഷാബില്‍’ ജനിച്ച’ ഹജ്ജ് അബു സാലിഹ്’ എന്നറിയപ്പെട്ടിരുന്ന സ്രോർ 1996ലാണ് ഹിസ്ബുളളയില്‍ ചേർന്നത്. സംഘടനയ്ക്കുളളിലെ വിവിധ നേതൃത്വസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും അതിന്റെ സൈനിക പ്രവർത്തനങ്ങളിലേർപ്പെട്ട് ഹിസ്ബുളളയിലെ പ്രമുഖ കമാൻഡറായി മാറുകയുമായിരുന്നു അദ്ദേഹം. ഇസ്രായേലിനെതിരായ നിരവധി തന്ത്രപ്രധാനമായ നീക്കങ്ങളില്‍ സ്രോർ പ്രധാന പങ്കുവഹിക്കുകയും ലെബനന്റെ കിഴക്കൻ അതിർത്തികളിലും സിറിയയിലും നടന്ന യുദ്ധങ്ങളില്‍ നിർണായക സാന്നിദ്ധ്യമായി മാറുകയും ചെയ്തു. ഇസ്രായേലിനെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളിലെ ഹുസൈൻ സ്രോറിന്റെ പങ്ക് ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

ഹിസ്ബുളളയുടെ തലവൻ കൊല്ലപ്പെട്ടു, ഞങ്ങളുടെ നയം വ്യക്തമാണ്.ഹിസ്ബുളളയെ തകർക്കാൻ എല്ലാവിധ ശക്തികളും ഞങ്ങള്‍ പ്രയോഗിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ വാർഷിക സമ്മേളനത്തില്‍ പങ്കെടുക്കാൻ ന്യൂയോർക്കില്‍ എത്തിയതാണ് അദ്ദേഹം. ‘ഞങ്ങള്‍ പ്രവൃത്തിയിലൂടെയാണ് സംസാരിക്കുക അല്ലാതെ വാക്കുകളിലൂടെ അല്ല, ആരും ആശയക്കുഴപ്പത്തിലാകേണ്ട. ഞങ്ങളുടെ ആളുകളെ സുരക്ഷിതമാക്കാനായി ഹിസ്ബുള്ളയ്ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കില്ല’- നെതന്യാഹു എക്സില്‍ കുറിച്ചു.

ഹിസ്ബുള്ള തങ്ങളുടെ ആക്രമണവും കടുപ്പിച്ചിട്ടുണ്ട്.അതിർത്തിയിൽ നിന്ന് 60 കിലോമീറ്റർ (37 മൈൽ) അകലെയുള്ള സിക്രോൺ യാക്കോവിലെ ഒരു സ്ഫോടകവസ്തു ഫാക്ടറി ഉൾപ്പെടെ ഇസ്രായേലിലെ എട്ട് സ്ഥലങ്ങൾ ലക്ഷ്യമിട്ട് ചൊവ്വാഴ്ച മിസൈൽ ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള അറിയിച്ചിട്ടുണ്ട്.  300 റോളം റോക്കറ്റുകളാണ് തൊടുത്തുവിട്ടത്, അക്രമത്തിൽ ആറ് സൈനികർക്കും സാധാരണക്കാർക്കും പരിക്കേറ്റു, അവരിൽ ഭൂരിഭാഗവും നിസ്സാരമെന്ന് ഇസ്രായേൽ സൈനിക വക്താവ് ഹഗാരി പറഞ്ഞു.