കൊച്ചി: ചിരിയില്‍ ഒളിപ്പിച്ച ജീവിത മൂല്യങ്ങളുമായി ഒരു പിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയ സംവിധായകൻ സിദ്ദിഖിന്(63)അന്ത്യാഞ്ജലി അര്‍പ്പിച്ച് മലയാളികള്‍.സംസ്‌കാര ചടങ്ങുകള്‍ വൈകിട്ടാണ്. ഇപ്പോള്‍ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പന്ത്രണ്ട് മണിവരെയാണ് കൊച്ചിയിലെ ജനങ്ങള്‍ക്കും സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പൊതു ദര്‍ശനത്തിന് വെക്കുക. തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 6 മണിക്ക് എറണാകുളം സെൻട്രല്‍ ജുമ മസ്ജിദിലാണ് ഖബറടക്കം.മമ്മൂട്ടി, ഫാസില്‍,ഫഹദ് ഫാസില്‍, ജയറാം, ടോവിനോ, മണിയൻ പിള്ള രാജു, സിദ്ദിഖ്, ആന്റോ ജോസഫ്, ബാദുഷ തുടങ്ങിയവര്‍ സഹപ്രവര്‍ത്തകനെ ഒരുനോക്കുകാണാനെത്തി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകൻ സിദ്ദിഖ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്ന സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോര്‍ട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
കരള്‍ രോഗവും ന്യുമോണിയയും ബാധിച്ച സിദ്ദിഖിനെ ജൂലൈ 10-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. 1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സാജിദയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവര്‍ മക്കളാണ്.

