കൊളംബിയൻ ഡോൺ ; ഉസുഗക്ക് 45 വർഷത്തെ തടവ് ശിക്ഷ.

ന്യൂയോര്‍ക്ക്: രാജ്യാന്തര ലഹരിമാഫിയാത്തലവനും കൊടുംക്രിമിനലുമായ ഡയ്‌റോ ആന്‍റോണിയോ ഉസുഗ‌ എന്ന ഓടോനിയലിനെ യുഎസ് കോടതി 45 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.കൊളംബിയയിലെ ഏറ്റവും ശക്തരും കുപ്രസിദ്ധവുമായ ഗള്‍ഫ് കാര്‍ട്ടല്‍ സംഘത്തിന്‍റെ തലവനായിരുന്നു ഉസുഗ.”ഒറ്റോണിയൽ ലോകത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ കടത്തൽ സംഘടനകളിലൊന്നിനെ നയിച്ചു, അവിടെ അദ്ദേഹം അമേരിക്കയിലേക്ക് വൻതോതിൽ കൊക്കെയ്ൻ കയറ്റുമതി ചെയ്യാൻ നിർദ്ദേശിച്ചു, കൊളംബിയൻ നിയമപാലകരെയും സൈനിക ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും നിഷ്കരുണം വധിക്കാൻ ഉത്തരവിട്ടു,” യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പ്രസ്താവനയിൽ പറഞ്ഞു.”അമേരിക്കൻ ജനതയെ ദ്രോഹിക്കുന്ന മാരകമായ മയക്കുമരുന്ന് കടത്ത് സംഘടനകളുടെ നേതാക്കളെ അവർ എവിടെയായിരുന്നാലും കണ്ടെത്തുകയും ഉത്തരവാദിത്തം വഹിക്കുകയും ചെയ്യും” എന്ന വ്യക്തമായ സന്ദേശമാണ് ഈ വാചകം നൽകുന്നത്, ഗാർലൻഡ് പറഞ്ഞു.

ചൊവ്വാഴ്ച ശിക്ഷാവിധി വേളയില്‍, തന്‍റെ പ്രവൃത്തികളില്‍ ഖേദിക്കുന്നതായി ഉസുഗ പറഞ്ഞു. അമേരിക്കയിലെയും കൊളംബിയയിലെയും സര്‍ക്കാരുകളോടും ഞാൻ ചെയ്ത കുറ്റകൃത്യങ്ങളുടെ ഇരകളോടും ക്ഷമ ചോദിക്കുന്നതായി 51 കാരനായ ഉസുഗ കോടതിയില്‍ പറഞ്ഞു. 2021 ഒക്ടോബറിലാണ് ഉസുഗയെ അറസ്റ്റ് ചെയ്തത്. മെക്സിക്കന്‍ പട്ടാളവും വ്യോമസേനയും പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഉസുഗ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഇയാളെ യുഎസിലേക്ക് നാടുകടത്തി. കുറ്റകൃത്യങ്ങള്‍ക്ക് ‌കഴിഞ്ഞ ജനുവരിയില്‍ഉസുഗ കോടതിയില്‍ കുറ്റസമ്മതം നടത്തി. കുറ്റസമ്മതത്തിന്‍റെ ഭാഗമായി ഉസുഗ 216 മില്യണ്‍ ഡോളര്‍ (170 മില്യണ്‍ പൗണ്ട്) മയക്കുമരുന്ന് തുകയായി കൈമാറിയിരുന്നു.

പത്ത് വര്‍ഷം മുമ്ബ് ഒരു പുതുവര്‍ഷ പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡില്‍ സഹോദരന്‍ കൊല്ലപ്പെട്ടതോടെയാണ് ഒട്ടോണിയല്‍ ഗള്‍ഫ് കാര്‍ട്ടല്‍ ഗ്യാംഗിന്‍റെ തലവനായത്. ഇയാള്‍ ഗള്‍ഫ് കാര്‍ട്ടലിനെ വിപുലീകരിച്ചു. മയക്കുമരുന്നിനു പുറമേ അനധികൃത സ്വര്‍ണഖനനവും മനുഷ്യക്കടത്തുമെല്ലാം ഗള്‍ഫ് കാര്‍ട്ടല്‍ ഏറ്റെടുത്തു നടത്തിത്തുടങ്ങി. കൊളംബിയയില്‍ നിന്നു യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള ലഹരിമരുന്ന് കടത്തിന്‍റെ പ്രധാന റൂട്ടുകളെല്ലാം കൈയാളുന്നത് ഗള്‍ഫ് കാര്‍ട്ടലായതാണ് ഉസുഗയെ യുഎസിന്‍റെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്.