ചാഡിൽ ഭീകരർ സൈനിക താവളം അക്രമിച്ചു; തിരിച്ചടിയിൽ നിരവധി മരണം.

ആഫ്രിക്കൻ രാജ്യമായ ചാഡില്‍ 96 ബൊക്കോ ഹറാം ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച ലേക് ചാഡില്‍ നടന്ന സൈനികനടപടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്.5 സൈനികർ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 32 പേർക്കു പരിക്കേറ്റു. ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു.

ഒക്‌ടോബറില്‍ ബർകാറാം ഐലൻഡിലെ സൈനികതാവളത്തില്‍ ബൊക്കോ ഹറാം നടത്തിയ ആക്രമണത്തില്‍ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു.ശനിയാഴ്ച രാത്രിയാണ് ലേക്ക് ചാഡ് മേഖലയിൽ ആക്രമണമുണ്ടായതെന്ന് സൈനിക വക്താവ് ജനറൽ ഇസ്സാഖ് അച്ചീഖ് ദേശീയ ടെലിവിഷനിൽ ഞായറാഴ്ച രാത്രി പറഞ്ഞു. അദ്ദേഹം വിശദാംശങ്ങൾ നൽകിയില്ല.

പാശ്ചാത്യ വിദ്യാഭ്യാസത്തിനെതിരെ ഒരു ദശാബ്ദത്തിലേറെ മുമ്പ് കലാപം ആരംഭിച്ച ബോക്കോ ഹറാം നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ ഇസ്ലാമിക നിയമം സ്ഥാപിക്കാൻ ശ്രമിക്കുന്നു. കാമറൂൺ, നൈജർ, ചാഡ് എന്നിവയുൾപ്പെടെ പശ്ചിമാഫ്രിക്കൻ അയൽരാജ്യങ്ങളിലേക്കും കലാപം വ്യാപിച്ചു.