മാവോയിസ്റ്റ് നേതാവിനെ ഏറ്റുമുട്ടൽ വധിച്ചു.


ബംഗളൂരു:മാവോയിസ്റ്റ് കമാന്‍ഡര്‍ വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കിലെ സീതാമ്ബൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍.ശൃംഗേരി, നരസിംഹരാജപുര, കാര്‍ക്കള, ഉഡുപ്പി മേഖലകളില്‍ അടുത്ത ദിവസങ്ങളില്‍ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായ വിക്രം ഗൗഡ, ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവ് കൂടിയാണ്. കര്‍ണാടക പൊലീസും ആന്റി നക്‌സല്‍ ഫോഴ്‌സും ഹിബ്രി വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ 5 മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുമായി ഏറ്റുമുട്ടല്‍ ഉണ്ടായി. ഈ ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്.

ഇതിനിടെ മൂന്ന് മാവോയിസ്റ്റുകൾ രക്ഷപ്പെട്ടു. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവര്‍ ആണ് രക്ഷപ്പെട്ടത് കേരളത്തില്‍ നിന്ന് രണ്ടു മാസം മുമ്ബാണ് ഇവര്‍ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

നേരത്തെ ചിക്കമംഗളുരു ഭാഗത്ത് വിക്രം ഗൗഢയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. 2016ല്‍ നിലമ്ബൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട ആളാണ് വിക്രം ഗൗഡ. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കൊപ്പം ദേവരാജന്‍, അജിത (കാവേരി) എന്നിവര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. ആന്ധ്രപ്രദേശ്, കര്‍ണാടക സര്‍ക്കാരുകള്‍ വിക്രം ഗൗഡയെ കണ്ടെത്തുന്നവര്‍ക്ക് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കേരള പോലീസ് കഴിഞ്ഞ വർഷം വിക്രം ഗൗഡ ഉൾപ്പെട്ട 25 മാവോയിസ്റ്റ് അംഗങ്ങൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിക്രം ഗൗഡയ്ക്ക് പുറമേ, സുന്ദരി, ജയണ്ണ, വനജാക്ഷി, ലത, സിപി മൊയ്തീൻ, സന്തോഷ്, സോമൻ, ചന്ദ്രു, ഉണ്ണിമായ, ജിഷ, രവീന്ദ്ര, സുരേഷ് എഎസ്, കവിത, വസന്ത്, വിമൽ കുമാർ, മനോജ്, അനീഷ് ബാബു, ജിഷ എന്നിവരായിരുന്നു ലുക്കൗട്ട് നോട്ടീസിൽ ഉൾപ്പെട്ടിരുന്നത്. വിവിധ കേസുകളിൽ പ്രതിയായ ഇവരെക്കുറിച്ചു വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നായിരുന്നു വയനാട് ജില്ലാ പോലീസ് പുറപ്പെടുവിച്ച നോട്ടീസിൽ വ്യക്തമാക്കിയത്.