കൂറ്റൻ ഭൂരിപക്ഷവുമായി പ്രിയങ്ക;വോട്ടർമാർക്ക് നന്ദി.

കൽപ്പറ്റ:വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്‌സില്‍ കുറിച്ചു.

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്.

നിങ്ങള്‍ ഓരോരുത്തരും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അതീയായ സന്തോഷമുണ്ട്. വരും നാളുകളില്‍ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാന്‍ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തിരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പില്‍ പറഞ്ഞു. തനിക്ക് നല്‍കിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദിയുണ്ട്.

തന്നോടൊപ്പം ഭക്ഷണവും വിശ്രമവുമില്ലാതെ 12 മണിക്കൂറിലധികം പ്രചാരണത്തില്‍ പങ്കാളികളായ യുഡിഎഫ് പ്രവര്‍ത്തകരോട് ഒരുപാട് നന്ദിയുണ്ട്. ധൈര്യവും സ്‌നേഹവും നല്‍കി കൂടെ നിന്ന അമ്മയ്ക്കും റോബര്‍ട്ടിനും മക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരന്‍ രാഹുലും കൂടെ നിന്നു. എല്ലായിപ്പോഴും രാഹുലിന്റെ പിന്തുണ തനിക്ക് കരുത്തുപകര്‍ന്നുവെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.

പ്രിയങ്ക ഗാന്ധിയുടെ വിജയത്തില്‍ കല്‍പ്പറ്റയില്‍ ആഹ്ലാദ പ്രകടനവും നടന്നു. വിജയത്തിനുശേഷം മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ പ്രിയങ്ക ഗാന്ധി എത്തി. ഡല്‍ഹിയിലെ പ്രിയങ്കയുടെ വസതിക്ക് മുന്നില്‍ മധുരം പങ്കിട്ടാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടത്. പ്രിയങ്ക
വയനാട്ടിലേക്ക് പോകുന്നത് വൈകാതെ തീരുമാനിക്കുമെന്നും പ്രിയങ്ക പാര്‍ലമെന്റില്‍ ഇന്ത്യ മുന്നണിയുടെ ശക്തമായ ശബ്ദമാകുമെന്നും രാഹുല്‍ വയനാടിനോടുള്ള സ്‌നേഹം തുടരും എന്നു വ്യക്തമാക്കിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വയനാട്ടില്‍ രാഹുലിന് പകരം വന്ന പ്രിയങ്ക ഉജ്ജ്വല വിജയമാണ് നേടിയത്. 4,08,036 എന്ന തകര്‍പ്പന്‍ ഭൂരിപക്ഷമാണ് പ്രിയങ്ക സ്വന്തമാക്കിയത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഹോദരന്‍ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടന്നു. യനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷങ്ങളില്‍ രണ്ടാമത്തേതാണിത്.

2019-ല്‍ വയനാട്ടില്‍ ആദ്യ മത്സരത്തില്‍ 4.31 ലക്ഷം വോട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം. 2014-ല്‍ ഭൂരിപക്ഷം 3.64 വോട്ടായി കുറഞ്ഞു. അഞ്ചുമാസത്തിനുശേഷം വീണ്ടുമെത്തിയ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിലെത്തിക്കാനായിരുന്നു യു.ഡി.എഫിന്റെ തന്ത്രങ്ങള്‍.