നന്ദികേടിൻ്റെ ബംഗ്ലാ മോഡൽ.

ബംഗ്ലാദേശിലെ പുതിയ പാഠപുസ്തകങ്ങളില്‍ നിന്നും സ്ഥാപക നേതാവ് ബംഗാബന്ധു ഷെയ്ഖ് മുജിബുർ റഹ്മാൻ്റെ പേരു നീക്കം ചെയ്ത് യൂനസിൻ്റെ നേതൃത്തത്തിലുള്ള ഇടക്കാല സ‍ർക്കാ‍ർ.

1971ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്രപ്രഖ്യാപനം നടത്തിയത് അന്ന് പട്ടാളതലവനായിരുന്ന സിയാവുർ റഹ്മാനാണെന്നാണ് പുതിയ കണ്ടുപിടുത്തം. രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവും സ്വാതന്ത്രസമര നേതാവുമായ മുജീബുർ റഹ്മാനെ രാഷ്ട്രപിതാവെന്ന പദവിയില്‍ നിന്നും വെട്ടിമാറ്റി.

പാഠപുസ്തകങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എഴുത്തുകാരനും ഗവേഷകനുമായ രഖല്‍ റാഹ, “അതിശയോക്തിപരവും അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ ചരിത്രത്തില്‍” നിന്ന് പാഠപുസ്തകങ്ങളെ മോചിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞു.

2025 അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്കങ്ങളില്‍ നിന്നാണ് ബംഗ്ലാദേശ് വിമോചന നേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ‘ബംഗബന്ധു’ ഷെയ്ഖ് മുജീബുർ റഹ്മാൻ പുറത്തായത്. പുതിയ കരിക്കുലമനുസരിച്ച്‌, 1971 മാർച്ച്‌ 26ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്രപ്രഖ്യാപനം നടത്തിയത് മുജീബുർ റഹ്മാനല്ല. പകരം, അന്ന് പട്ടാളതലവനായിരുന്ന, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സ്ഥാപകന്‍ സിയാവുർ റഹ്മാനാണ്.

പാകിസ്താനില്‍ നിന്നുള്ള ബംഗ്ലാദേശിന്‍റെ സ്വാതന്ത്രപ്രഖ്യാപനം കാലാകാലങ്ങളായി തർക്കവിഷയമാണ്. ഭരണമാറ്റങ്ങള്‍ക്കൊപ്പം നിരവധി തവണ തിരുത്തപ്പെട്ട ചരിത്രമാണിത്. വിമോചനസമരത്തെ നയിച്ച ഷെയ്ഖ് മുജീബുർ റഹ്മാനാണ് മാർച്ച്‌ 26 ലെ ആദ്യ സ്വാതന്ത്ര പ്രഖ്യാപനം നടത്തിയതെന്നഅവാമി ലീഗിന്‍റെ അവകാശവാദം ശരിവെയ്ക്കുന്നതാണ് മാധ്യമ ആർക്കെയ്‌വുകള്‍. എന്നാല്‍ 1978-ല്‍ സിയാവൂർ റഹ്മാൻ ബംഗ്ലാദേശ് പ്രസിഡൻ്റായിരുന്ന കാലത്ത് ഈ ചരിത്രം തിരുത്തിയെഴുതപ്പെട്ടു. മാർച്ച്‌ 27 ലെ സിയാവൂറിന്‍റെ സ്വാതന്ത്രപ്രഖ്യാപനം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ബംഗ്ലാദേശ് സുപ്രീം കോടതി വിധിയുടെ പിന്തുണയോടെ 2009-ല്‍ അധികാരത്തില്‍ വന്ന ഷെയ്ഖ് ഹസീന ഈ മാറ്റം അസാധുവായി പ്രഖ്യാപിച്ചു.

1977 മുതൽ 1981 ൽ കൊല്ലപ്പെടുന്നത് വരെ ബംഗ്ലാദേശിൻ്റെ ആറാമത്തെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച ഒരു ബംഗ്ലാദേശി സൈനിക ഉദ്യോഗസ്ഥനും രാഷ്ട്രീയക്കാരനുമായിരുന്നു സിയാവുർ റഹ്മാൻ .