ഡൽഹിയിൽ വൻ അപകടം; തിക്കിലും തിരക്കിലും മരിച്ചത് 17 പേർ.


ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സംഭവത്തില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരോടൊപ്പമാണെന്നും താന്‍ എന്നും പറഞ്ഞു. ദുരിതബാധിതരെ അധികൃതർ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

11 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടെ 17 പേർ മരിച്ചതായി ആണ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. രാത്രി 10 മണിയോടെ 13, 14 പ്ലാറ്റ്‌ഫോമുകളില്‍ ആയിരക്കണക്കിന് പേര്‍ ട്രെയിനുകളില്‍ കയറാൻ ഒത്തുകൂടിയപ്പോള്‍ ആയിരുന്നു അപകടം ഉണ്ടായത്.

‘ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങളില്‍ ഞാൻ അതീവ ദുഃഖിതനാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഒപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവർ വേഗത്തില്‍ സുഖംപ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഈ തിക്കിലും തിരക്കിലും പെട്ട എല്ലാവരെയും അധികാരികള്‍ സഹായിക്കുന്നുണ്ട്’- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

സംഭവത്തില്‍ ജീവൻ നഷ്ടപ്പെട്ടതില്‍ തനിക്ക് വേദനയുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

‘ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളത് ദുഃഖകരമായ വാർത്ത. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി ജീവൻ നഷ്ടപ്പെട്ടതില്‍ ഞാൻ അങ്ങേയറ്റം വേദനിക്കുന്നു. എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവരുടെ വേഗത്തിലുള്ള മോചനത്തിനായി പ്രാർത്ഥിക്കുന്നു’- സിംഗ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് റെയില്‍വേയുടെ പ്രഖ്യാപനം. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും ധനസഹായം കൈമാറുമെന്നും റെയില്‍വേ അറിയിച്ചു.