ലഷ്കർ നേതാവിനെ അജ്ഞാതർ കൊലപ്പെടുത്തി.

ലഷ്‌കർ-ഇ-ത്വയ്ബ തലവൻ മൗലാന കാഷിഫ് അലിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ തിങ്കളാഴ്‌ച്ച രാവിലെയാണ് സംഭവം .

സ്വാബിയിലെ വസതിയില്‍ വെച്ചാണ് അലി വെടിയേറ്റ് മരിച്ചതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. മോട്ടോർ സൈക്കിളില്‍ വീട്ടിലേക്ക് എത്തിയ അജ്ഞാതർ അലിയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ രാഷ്‌ട്രീയ വിഭാഗം തലവനാണ് കൊല്ലപ്പെട്ട മൗലാന കാഷിഫ് അലി . 2024 ല്‍ ലഷ്‌കർ തലവൻ ഹാഫിസ് സയീദ് രൂപീകരിച്ച പിഎംഎംഎല്‍ മുന്നോട്ട് കൊണ്ടുപോകുന്നതും അലിയായിരുന്നു.

അലിയെ വെടിവച്ച ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്ന് ലഷ്കർ ഇ തൊയ്ബ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും അതില്‍ രണ്ട് പേർ റോഡപകടങ്ങളില്‍ മരിച്ചതായുംറിപ്പോർട്ടുണ്ട്.മൗലാന കാഷിഫ് അലിയുടെ കൊലപാതകം പാകിസ്ഥാനില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധപ്പെട്ട തീവ്രവാദ സംഘടനകള്‍ പാകിസ്ഥാൻ സർക്കാരിനെ വിമർശിക്കുകയും മൗലാന കാഷിഫ് അലിയുടെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.