മുംബൈ:രാജ്യത്തുടനീളമായി വിദ്യഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തേകാനായി അദാനി ഫൗണ്ടേഷൻ. സ്വകാര്യ കെ-12 വിദ്യാഭ്യാസത്തില്‍ ആഗോളതലത്തില്‍ മുൻപന്തിയിലുള്ള ജിഇഎംഎസ് എഡ്യൂക്കേഷനുമായി സഹകരിച്ച് രാജ്യത്തുടനീളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് അദാനി ഫൗണ്ടേഷൻ.അദാനി കുടുംബത്തില്‍ നിന്ന് 2,000 കോടി രൂപയുടെ പ്രാരംഭ സംഭാവനയോടെയാണ് പദ്ധതിയൊരുങ്ങുന്നത്.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്ക് ലോകോത്തര വിദ്യാഭ്യാസവും പഠനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളും താങ്ങാനാവുന്ന രീതിയില്‍ ലഭ്യമാക്കുന്നതിനായിരിക്കും പങ്കാളിത്തം മുൻഗണന നല്‍കുകയെന്ന് അദാനി ഫൗണ്ടേഷൻ പ്രസ്താവനയില്‍ അറിയിച്ചു.
അദാനിയുടെ ‘സേവനം ധ്യാനമാണ്, സേവനം പ്രാർത്ഥനയാണ്, സേവനം ദൈവമാണ്’ എന്ന സാമൂഹിക തത്ത്വചിന്തയ്ക്ക് അനുസൃതമായി, നൂതനാശയങ്ങളുടെയും ശേഷി വികസനത്തിന്റെയും പിന്തുണയുള്ളഅദ്ധ്യാപന കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മികച്ച ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഈ പങ്കാളിത്തം വഴിയൊരുക്കുമെന്ന് അദാനി ഫൗണ്ടേഷൻ പറഞ്ഞു.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ആദ്യത്തെ ‘അദാനി ജിഇഎംഎസ് സ്‌കൂള്‍ ഓഫ് എക്‌സലൻസ് ‘ 2025-26 അദ്ധ്യയന വർഷത്തില്‍ ലഖ്നൗവില്‍ ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളില്‍, ഇന്ത്യയിലെ പ്രാഥമിക മെട്രോപൊളിറ്റൻ നഗരങ്ങളിലുടനീളവും പിന്നാലെ, വികസിതവും അവികസിത നഗരങ്ങളിലും കെ-12 വിഭാഗത്തില്‍ കുറഞ്ഞത് 20 സ്‌കൂളുകളെങ്കിലും നിർമിക്കും. ഈ സ്‌കൂളുകളില്‍, സിബിഎസ്‌ഇ പാഠ്യപദ്ധതിയിലെ 30 ശതമാനം സീറ്റുകള്‍ മതിയായ അർഹരായ കുട്ടികള്‍ക്ക് സൗജന്യമായി ലഭ്യമാക്കും.
‘ലോകോത്തര വിദ്യാഭ്യാസം താങ്ങാനാവുന്നതും എളുപ്പത്തില്‍ എത്തിപ്പെടാൻ കഴിയുന്നതുമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ‘ജിഇഎംഎസ് എഡ്യൂക്കേഷനുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ ആഗോളതലത്തില്‍ മികച്ച രീതികളും നൂതന ഡിജിറ്റല്‍ പഠനവും സ്വീകരിച്ചുകൊണ്ട്, അടുത്ത തലമുറയെ ഇന്ത്യയിലെ സാമൂഹിക ഉത്തരവാദിത്തമുള്ള നേതാക്കളായി മാറ്റാൻ ഞങ്ങള്‍ ലക്ഷ്യമിടുന്നു’- അദ്ദേഹം വ്യക്തമാക്കി.
മലയാളിയും മിഡിൽ ഈസ്റ്റിലെ പ്രമുഖ വിദ്യാഭ്യാസ ശൃംഖലയുടെ മേധാവിയുമായ സണ്ണി വർക്കിയുടെതാണ് ജിഇഎംഎസ് .

