ബെംഗളൂരു: അന്താരാഷ്ട്ര ജനാധിപത്യ ദിനത്തില്‍ ബൃഹത് പരിപാടി സംഘടിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുന്ന പരിപാടിയാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരടക്കം പരിപാടിയില്‍ പങ്കെടുത്തു. ഓണ്‍ലൈനും ഓഫ് ലൈനുമായി നടത്തിയ പരിപാടിയില്‍
രാജ്യത്തും വിദേശത്തുമായി രണ്ട് കോടിയിലധികം പേര്‍ ഭരണഘടനാ ആമുഖം വായിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. കര്‍ണാടക നിയമസഭയായ വിധാൻ സൗധയിലാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും പങ്കെടുത്ത പരിപാടിയില്‍ നിരവധി പ്രമുഖരുടെയും സാന്നിധ്യമുണ്ടായി. നിരവധി കുട്ടികളും ചടങ്ങിനെത്തി. ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്ബ്കോണ്‍ഗ്രസ് നല്‍കിയ അഞ്ച് ഉറപ്പുകളും സര്‍ക്കാര്‍ പാലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ ആമുഖം വായിക്കുന്ന ചടങ്ങിന് ഓണ്‍ലൈനായി 2.28 കോടി ആളുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എച്ച് സി മഹാദേവപ്പ പറഞ്ഞു. അഞ്ച് മുതല്‍ 10 ലക്ഷം വരെ രജിസ്ട്രേഷനാണ് പ്രതീക്ഷിച്ചതെങ്കിലും രാജ്യത്തും വിദേശത്തുമായി നാനാതുറയിലെ ജനം പരിപാടിക്ക് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

