ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എല്‍1 പേടകം സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാൻ തുടങ്ങിയെന്ന് ഐ.എസ്.ആര്‍.ഒ.പേടകത്തിലെ സ്റ്റെപ്സ്-1 (STEPS-1) എന്ന ഉപകരണത്തിന്‍റെ സെൻസര്‍ ആണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
ഭൂമിയില്‍ നിന്ന് 50000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പര്‍ തെര്‍മല്‍, എനര്‍ജറ്റിക് അയോണുകള്‍, ഇലക്‌ട്രോണുകള്‍ എന്നിവയെയാണ് ഉപകരണം അളക്കുന്നത്. ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ സ്റ്റെപ്സ്-1 ഉപകരണം പകര്‍ത്തിയ വിവരങ്ങള്‍ സഹായിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
സെപ്റ്റംബര്‍ രണ്ടിനാണ് സൂര്യ പഠനത്തിനുള്ള ഐ.എസ്.ആര്‍.ഒയുടെ ആദിത്യ എല്‍1 പേടകം വിജയകരമായി വിക്ഷേപിച്ചത്. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് പി.എസ്.എല്‍.വി- സി 57 റോക്കറ്റാണ് പേടകവുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. നാലു മാസം കൊണ്ട് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ഭൂമിക്കും സൂര്യനും മധ്യേയുള്ള ലഗ്രാഞ്ചിയൻ 1 പോയിന്‍റില്‍ (എല്‍1 പോയിന്‍റ്) പേടകം എത്തും. എല്‍1 പോയിന്‍റിനെ വലംവെച്ചാണ് ആദിത്യ പേടകം സൂര്യനെ നിരീക്ഷിക്കുക.

