നിജ്ജാറിന്റെ കൊലപാതകം തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ ; അതിനുശേഷം സഹകരണം.

ന്യൂഡൽഹി:മതിയായ തെളിവുകള്‍ ലഭിച്ചാല്‍, കാനഡയുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും ഉന്നതതല യോഗം ചേര്‍ന്നു. കാനഡയിലെ ഇന്ത്യൻപ്രവാസികളുടെ സുരക്ഷ മുൻനിര്‍ത്തിയാണ് തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി.

കാനഡയിലെ ഇന്ത്യൻ വംശജര്‍ സുരക്ഷിതരാണെന്നും സിഖുകാരും ഹിന്ദുക്കളും തമ്മില്‍ ധ്രുവീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്നുണ്ട്

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികള്‍ക്കെതിരായ ആരോപണത്തില്‍ സത്യം തെളിയണമെന്നും, മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാനഡയിലെ അന്വേഷണവുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും നയതന്ത്ര ചാനലുകള്‍ വഴി ഒട്ടാവയിലേക്ക് സന്ദേശമയച്ചു. കൂടാതെ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികള്‍ക്ക്കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പ്രാദേശിക രാഷ്ട്രീയ പ്രേരിതവുമാണെന്നും യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ ഇന്ത്യൻ പ്രതിനിധികളോട് ദേശീയ സുരക്ഷാ ആസൂത്രകര്‍ വ്യക്തമാക്കി.

കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാന ആശങ്കകളിലൊന്നെന്ന് അധികൃതര്‍ പറയുന്നു. നിരോധിത വിഘടനവാദി സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു കനേഡിയൻ ഹിന്ദുക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതും ആശങ്ക വര്‍ധിപ്പിക്കുന്നു. കനേഡിയൻഹിന്ദുക്കള്‍ കാനഡയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും പന്നു ബുധനാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു. അതിനാല്‍, കാനഡയിലെ ഇന്ത്യൻ വംശജര്‍ സുരക്ഷിതരാണെന്നും സിഖുകാരും ഹിന്ദുക്കളും തമ്മില്‍ ധ്രുവീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്നുണ്ട്. ഖാലിസ്ഥാൻ അനുഭാവിയായ ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയാണ് ട്രൂഡോ സര്‍ക്കാരിനെ പിന്തുണക്കുന്നത്. 2018 ഫെബ്രുവരി 21 ന് അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയും ഇപ്പോള്‍ ബിജെപി നേതാവുമായ അമരീന്ദര്‍ സിംഗ് കാനഡയില്‍ അഭയം തേടിയ 10 ഭീകരരുടെ പട്ടികയും ഫയലും ട്രൂഡോയ്ക്ക് കൈമാറിയിരുന്നു. കാനഡയിലെ എല്ലാ ഭീകരവാദികളുടെയും വിലാസങ്ങളും അവരുള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയും കൈമാറിയ ശേഷം, ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ട്രൂഡോ ഒന്നും ചെയ്തിരുന്നില്ല. ശേഷം, ജൂണ്‍ 19 ന് വാൻകൂവറിലെ സറേയിലാണ് കനേഡിയൻ പൗരനും ഖാലിസ്ഥാൻ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) നേതാവുമായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട്കഴിഞ്ഞ ദിവസങ്ങളില്‍ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി സെപ്റ്റംബര്‍ 23 ന് ന്യൂയോര്‍ക്കിലേക്ക് പോകുന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, നിജ്ജാര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് കൂടുതല്‍ വ്യക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.