കരുവണ്ണൂര്‍ ബാങ്ക് തട്ടിപ്പ് കേസിൻറെ അന്വേഷണം ഉന്നതരിലേക്ക്.

തൃശൂര്‍: കരുവണ്ണൂര്‍ ബാങ്ക് തട്ടിപ്പ് കേസിൻറെ അന്വേഷണം ഉന്നതരിലേക്ക് തന്നെയാണെന്ന് ഇഡി. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരില്‍ ചിലര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് എൻസ്ഫോഴ്സ്മെൻറ് ഡിറക്‌ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്.ഇവരില്‍ ആരൊക്കെ തട്ടിപ്പിൻറെ പങ്ക് പറ്റിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കുമെന്നുമാണ് റിമാൻ‍ഡ് റിപ്പോ‍ര്‍ട്ടിലുളളത്. ഇന്നലെ അറസ്റ്റിലായ പി ആര്‍ അരവിന്ദാക്ഷനായും മുൻ ബാങ്ക ജീവനക്കാരൻ ജില്‍സിനേയും കസ്റ്റ‍ഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും.

സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷൻറെ റിമാൻഡ് റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. കരുവന്നൂര്‍ പി ആര്‍ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം ബാങ്കില്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയ ബെനാമിവായ്പയില്‍ നിന്നാണ് ഈ പണം സതീഷ് നല്‍കിയത്. കരുവന്നൂര്‍ ബാങ്കില്‍ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണ് എന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അരവിന്ദാക്ഷനെതിരെ കൂടുതല്‍ സാക്ഷി മൊഴികളുണ്ടെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അരവിന്ദാക്ഷന് വൻ തുക കൈമാറിയെന്നാണ് സാക്ഷി മൊഴി. സതീഷ് കുമാറിന്റെയും സഹോദരൻ ശ്രീജിത്തിന്റെയും അക്കൗണ്ട് വഴി അരവിന്ദാക്ഷന് വൻ തുക കൈമാറി സാക്ഷി മൊഴി. കിരണ്‍ തട്ടിയ 24കോടിയില്‍ 25 ലക്ഷം രൂപ അരവിന്ദക്ഷന് നല്‍കിയെന്ന് മുൻ മാനേജര്‍ ബിജു കരീം മൊഴി നല്‍കിയിട്ടുണ്ട്. സതീഷ് കുമാറിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണില്‍ അരവിന്ദക്ഷനും സതീശനും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് ലഭിച്ചുവെന്നും 2015 മുതല്‍ 17 വരെ കാലത്ത് കോടികളുടെ ഇടപാട് അക്കൗണ്ട് വഴി നടന്നുവെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.