ന്യൂയോർക്ക്:അനധികൃത കുടിയേറ്റക്കാരുടെ മക്കള്‍ക്ക് ജന്മാവകാശ പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിയാകാൻ രംഗത്തുള്ള ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി.
‘ഇപ്പോൾ, ഭരണഘടനയെയും 14-ാം ഭേദഗതിയെയും കുറിച്ച് ചിലർ മുറവിളി കൂട്ടും. ഞാനും അവരും തമ്മിലുള്ള വ്യത്യാസം ഞാൻ യഥാർത്ഥത്തിൽ 14-ാം ഭേദഗതി വായിച്ചു എന്നതാണ്,” അദ്ദേഹം പറഞ്ഞു.”അത് പറയുന്നത്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ചവരോ പ്രകൃതിവൽക്കരിക്കപ്പെട്ടവരോ ആയ എല്ലാ വ്യക്തികളും അതിന്റെ നിയമങ്ങൾക്കും അധികാരപരിധിക്കും വിധേയരായി പൗരന്മാരാണ്. അതിനാൽ ഈ രാജ്യത്തെ ഒരു മെക്സിക്കൻ നയതന്ത്രജ്ഞന്റെ കുട്ടിക്ക് ജന്മാവകാശ പൗരത്വം ഉണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ രണ്ടാമത്തെ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വ സംവാദത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കാലിഫോര്‍ണിയയിലെ സിമി വാലിയിലുള്ള റൊണാള്‍ഡ് റീഗൻ പ്രസിഡൻഷ്യല്‍ ലൈബ്രറി ആൻഡ് മ്യൂസിയത്തിലാണ് സംവാദം നടന്നത്. േഫ്ലാറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാൻറിസ്, മുൻ യു.എൻ അംബാസഡര്‍ നിക്കി ഹാലി എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേരാണ് സംവാദത്തില്‍ പങ്കെടുത്തത്.
2015ല്‍ അന്നത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശമാണ് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുക എന്നത്. ഇതേ അഭിപ്രായമാണ് ഇപ്പോള്‍ വിവേക് രാമസ്വാമിയും പ്രകടിപ്പിച്ചിരിക്കുന്നത്.

