ഞങ്ങൾ തുടങ്ങി ;ദൃശ്യങ്ങൾ പുറത്ത് വിട്ട്  ബെഞ്ചമിൻ നെതന്യാഹു .

ജെറുസലേം: ഗാസയിലെ ബഹുനില കെട്ടിടങ്ങള്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.എക്‌സിലൂടെയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങള്‍ തുടങ്ങി, ഇസ്രായേല്‍ ജയിക്കും’ എന്നാണ് വീഡിയോയ്‌ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

ഹമാസ് ഭീകരര്‍ക്കെതിരെ ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താനാണ് ഇസ്രായേല്‍ പദ്ധതിയിടുന്നത്. ഇതിന് മുന്നോടിയായി ജനങ്ങളോട് ഗാസവിട്ട് പോകാൻ ഇസ്രായേല്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. കടല്‍ മാര്‍ഗവും കര മാര്‍ഗവും ഉപരോധിച്ച്‌ ഗാസയിലേക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുകയാണ് ഇസ്രായേല്‍.

ഇസ്രേയേലിന്റെ സൈനിക നീക്കത്തിന് അമേരിക്കയുടെ എല്ലാ പിന്തുണയുമുണ്ട്. അമേരിക്കൻ വിമാനവാഹിനി കപ്പല്‍ യുഎസ്‌എസ് ജെറാള്‍ഡ് ആര്‍ ഫോഡ് ഇസ്രായേലിന് സഹായത്തിനായി എത്തിയിരുന്നു. ജര്‍മ്മൻ, ബ്രിട്ടീഷ്, യുക്രെയ്ൻ രാഷ്‌ട്രത്തലവന്മാരും നെതന്യാഹുവിനെ പിന്തുണ അറിയിച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ നടത്തിയിരിക്കുന്ന പ്രതികരണം.

ശനിയാഴ്ച നടന്ന ഹമാസ് ഭീകരാക്രമണത്തില്‍ 700ല്‍ അധികം ഇസ്രായേല്‍ പൗരന്മാര്‍ക്ക് ജീവൻ നഷ്ടമായതായി ഇസ്രായേല്‍ ഡിഫൻസ്‌ഫോഴ്‌സ് വ്യക്തമാക്കി. തങ്ങള്‍ രാജ്യത്തിന്റെ സുരക്ഷ വീണ്ടെടുക്കുമെന്നും യുദ്ധം ജയിക്കുമെന്നും പ്രതിരോധ സേന എക്സില്‍ കുറിച്ചു.