കെയ്റോ:5000 വര്‍ഷം പഴക്കമുള്ള വീഞ്ഞ് ഈജിപ്തിലെ രാജ്ഞിയുടെ ശവകുടീരത്തില്‍ നിന്ന് കണ്ടെത്തി. ഈജിപ്തില്‍ നിന്ന് 5000 വര്‍ഷം പഴക്കമുള്ള വീഞ്ഞ് കണ്ടെത്തി. ഈജിപ്തിലെ ആദ്യത്തെ വനിതാ ഭരണാധികാരിയായിരുന്നു മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.സീല്‍ ചെയ്ത നിലയിലാണ് വൈൻ ജാറുകള്‍ സൂക്ഷിച്ചിരുന്നത്. ഈജിപ്തിലെ അബിഡോസിലാണ് ഇത് ഉള്ളത്. വിയന്ന സര്‍വകലാശാലയിലെ പ്രശസ്ത ഗവേഷകനായ ക്രിസ്റ്റ്യാന കോഹ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മ്മൻ, ഓസ്ട്രിയൻ പുരാവസ്തു ഗവേഷകരുടെ സംഘത്തിന്റെതാണ് ഈ കണ്ടെത്തല്‍.
ഇവര്‍ ശവകുടീരത്തില്‍ ഖനനം നടത്തുന്നതിനിടെയാണ് വലിയ വൈൻ ജാറുകള്‍ കണ്ടെത്തുന്നത്. അതില്‍ ചിലതെല്ലാം നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ദ്രാവകാവസ്ഥയില്‍ അല്ല ഇത് ഉള്ളത്. കൂടാതെ ഇത് വെള്ളയാണോ ചുവപ്പുനിറമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തതിനാല്‍ ചെറിയ ആശയക്കുഴപ്പംനിലനില്‍ക്കുന്നുണ്ടെന്നും മുൻ പുരാവസ്തു ഗവേഷകൻ കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ ഇതോടൊപ്പം ധാരാളം ജൈവ അവശിഷ്ടങ്ങള്‍, മുന്തിരി വിത്തുകള്‍, സ്ഫടികം തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം നിലവില്‍ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഗവേഷകര്‍ അറിയിച്ചു. അതേസമയം ഏറ്റവും പഴക്കമുള്ള വൈനിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ശേഖരമാണ് ഇതെന്നും ഗവേഷകര്‍ പറയുന്നു.ഇവിടെ നിന്ന് കണ്ടെടുത്ത വൈൻ ജാറുകളുടെ ചിത്രങ്ങളും മറ്റും പുരാവസ്തു ഗവേഷകയായ ടിസിയ വെര്‍വീര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ബിസി 3000 കാലഘട്ടത്തിലെ ഏറ്റവും ശക്തയായ വനിതാ ഭരണാധികാരിയായിരുന്നു മെററ്റ്-നീത്ത്. സമീപകാലത്ത് ഇതേ സ്ഥലത്ത് നടത്തിയ ഖനനത്തില്‍ 5,000 വര്‍ഷം പഴക്കമുള്ള വീഞ്ഞ് മറ്റൊരു ശവകുടീരത്തിലും കണ്ടെത്തിയിരുന്നു.
അതേസമയം മെററ്റ്-നീത്ത് രാജ്ഞിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും ഒരു രഹസ്യമായി തന്നെ തുടരുകയാണ്. എങ്കിലും ഈജിപ്തിന്റെ ചരിത്രത്തില്‍ മെററ്റ്-നീത്ത് ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് തന്നെയാണ് ഈ തെളിവുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ സ്വന്തമായിഒരു രാജകീയ ശവകുടീരം സ്വന്തമാക്കിയ ഒരേയൊരു സ്ത്രീയും ഇവരാണ്. ഗവേഷകര്‍ കണ്ടെത്തിയ ശവകുടീര ലിഖിതങ്ങളെ അടിസ്ഥാനമാക്കി, പതിനെട്ടാം രാജവംശത്തില്‍ നിന്നുള്ള ട്രഷറി പോലുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഇവര്‍ വഹിച്ചിരുന്നു എന്നും വിലയിരുത്തുന്നു. കൂടാതെ മെററ്റ്- നീത്ത് രാജ്ഞി ഹാറ്റ്ഷെപ്സുട്ട് രാജ്ഞിയുടെ മുൻഗാമിയായിരുന്നുവെന്നും പറയപ്പെടുന്നു.
ഇവരുടെ ശവകുടീര സമുച്ചയത്തില്‍ 41 സേവകരുടെയും തൊഴിലാളികളുടെയും ശവകുടീരങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ചുടാത്ത മണ്‍ ഇഷ്ടികകള്‍, കളിമണ്ണ്, മരം എന്നിവ ഉപയോഗിച്ചാണ് ഈ ശവകുടീരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

