കേരള ക്ഷേത്രങ്ങളിലെ സ്വർണ്ണം റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ നീക്കം.


തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലെ 500 കിലോ സ്വര്‍ണം അഞ്ചു വര്‍ഷത്തേക്ക് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാൻ തീരുമാനം.ക്ഷേത്രങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന  സ്വര്‍ണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതു വഴി ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം ആറ് കോടി രൂപ പലിശയായി ലഭിക്കും. ഇത് ബോര്‍ഡിന്റെ ചെലവുകള്‍ക്ക് ഉപയോഗിക്കാനാവും. സ്വ‌ര്‍ണ വിലയ്‌ക്ക് ആനുപാതികമായി രണ്ടേകാല്‍ ശതമാനം പലിശയാണ് സ്വര്‍ണ നിക്ഷേപത്തിന് കിട്ടുക. എസ്.ബി.ഐയുടെ മുംബയ് ശാഖയാണ് സ്വര്‍ണ നിക്ഷേപത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.ക്ഷേത്രങ്ങളിലെ ആഭരണങ്ങള്‍ ദൈനംദിന ഉപയോഗത്തിനുള്ളവ, പൗരാണിക ആഭരണങ്ങള്‍, ആട്ട വിശേഷത്തിന് ഉപയോഗിക്കുന്നവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

ഇവയൊഴികെ സ്ട്രോംഗ്റൂമില്‍ സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങളാണ് നിക്ഷേപിക്കുന്നത്. സ്വര്‍ണത്തിന്റെ തൂക്കം ഉറപ്പുവരുത്തുന്നതിന് ദേവസ്വം കമ്മിഷണര്‍, തിരുവാഭരണം കമ്മിഷണര്‍, വിജിലൻസ് എസ്.പി, സ്റ്റേറ്ര് ഓ‌ഡിറ്റ് ഡെപ്യൂട്ടി ഡയറക്‌ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണിത്. ക്ഷേത്രങ്ങളില്‍ കാണിക്കയായി ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം കട്ടികളാക്കിയാണ് ബാങ്കില്‍ നിക്ഷേപിക്കുക.ദേവസ്വം ക്ഷേത്രങ്ങളിലെ കാണിക്ക സ്വര്‍ണമാണ് റിസര്‍വ് ബാങ്കിലേക്ക് പോവുക. ചെറിയ അളവിലുള്ളവ ഉരുക്കി സ്വര്‍ണക്കട്ടികളാക്കി ബാങ്കിന് നല്‍കണം. സ്വര്‍ണ ശുദ്ധീകരണം ആ‌ര്‍.ബി.ഐയുടെ ഹരിയാനയിലെ മൈനിംഗ് കേന്ദ്രത്തിലായിരിക്കും. അതിനാല്‍ യാതൊരു കൃത്രിമത്തിനും ഇടയുണ്ടാവില്ല. ബോര്‍ഡ് സ്വര്‍ണ നിക്ഷേപം എപ്പോള്‍ പിൻവലിച്ചാലും സ്വര്‍ണമായോ പണമായോ തിരികെ ലഭിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.