മോസ്കോ:റഷ്യൻ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് വീണ്ടും അംഗങ്ങളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചു. തലവൻ യെവ്ജെനി പ്രിഗോഷിന്റെ മരണത്തിന് പിന്നാലെ റിക്രൂട്ടിംഗ് അടക്കമുള്ള പ്രവര്‍ത്തികള്‍ വാഗ്നര്‍ നിറുത്തിവച്ചിരിക്കുകയായിരുന്നു.പ്രിഗോഷിന്റെ 25കാരനായ മകൻ പവല്‍ പ്രിഗോഷിൻ വാഗ്നര്‍ ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നാണ് ചില റഷ്യൻ മാദ്ധ്യമങ്ങള്‍ നല്‍കുന്ന വിവരം. വാഗ്നറിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിവരം ഒരു റഷ്യൻ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. പേം, നോവോസിബിര്‍സ്ക് മേഖലകളിലാണ് നിലവില്‍ വാഗ്നറിന്റെ റിക്രൂട്ട്മെന്റ് പ്രക്രിയ നടക്കുന്നത്. വാഗ്നറിന്റെ മേല്‍നോട്ടം റഷ്യൻ പ്രതിരോധ മന്ത്രാലയം ഏറ്റെടുത്തേക്കുമെന്നടക്കമുള്ള റിപ്പോര്‍ട്ടുകള്‍ മുമ്ബ് പുറത്തുവന്നിരുന്നു. ഓഗസ്റ്റിലാണ് വാഗ്‌നര്‍ ഗ്രൂപ്പ് തലവൻ പ്രിഗോഷിൻ ഉള്‍പ്പെടെ പത്ത് പേര്‍ സഞ്ചരിച്ച സ്വകാര്യ വിമാനംമോസ്കോയ്ക്ക് സമീപം തകര്‍ന്നുവീണത്. വാഗ്‌നര്‍ ഗ്രൂപ്പ് സഹസ്ഥാപകനായ ഡിമിട്രി ഉട്ട്കിനും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രിഗോഷിന്റെ മരണ ശേഷം വാഗ്നര്‍ ഗ്രൂപ്പിന്റെ പുതിയ തലവൻ ആരാണെന്ന് പ്രഖ്യാപനമുണ്ടായിട്ടില്ല. മുൻ വാഗ്നര്‍ കമാൻഡറും നിലവില്‍ പ്രതിരോധ മന്ത്രാലയ ജീവനക്കാരനുമായ ആൻഡ്രേ ട്രോഷെവിനെ വാഗ്നറിന്റെ തലവനാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ അറിവോടെ നീക്കം നടക്കുന്നുണ്ടെന്നും വാഗ്നര്‍ അംഗങ്ങള്‍ക്ക് ഇതിനോട് എതിര്‍പ്പാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റഷ്യക്ക് പുറമേ ബെലറൂസ്, സെൻട്രല്‍ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ലിബിയ, മാലി തുടങ്ങിയ രാജ്യങ്ങളിലും വാഗ്നര്‍ ഗ്രൂപ്പ് വ്യാപിച്ചിരിക്കുന്നു. പ്രിഗോഷിന്റെബിസിനസ് കാര്യങ്ങളില്‍ പങ്കാളിയായിരുന്ന പവല്‍ വാഗ്നറിന് വേണ്ടി സിറിയയിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. നിലവില്‍ ഏതാനും കമ്ബനികളും റിയല്‍ എസ്റ്റേറ്റ് ബിസിനസുകളും പവല്‍ നിയന്ത്രിക്കുന്നുണ്ട്. ഓഗസ്റ്റ് 23ന് മോസ്കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്‌ബര്‍ഗിലേക്കുള്ള യാത്രയ്ക്കിടെ എംബ്രയര്‍ ലെഗസി വിമാനം ട്വെര്‍ മേഖലയിലെ കഷെൻകീനോ ഗ്രാമത്തിന് മുകളില്‍വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ ബോംബ് സ്ഫോടനമുണ്ടായതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. പ്രിഗോഷിനെ പുട്ടിന്റെഅറിവോടെ വധിച്ചതാകാമെന്ന് പാശ്ചാത്യ രാജ്യങ്ങളും യുക്രെയിനും ആരോപിക്കുന്നു. എന്നാല്‍ ഇത് നുണകള്‍ ആണെന്നാണ് റഷ്യയുടെ പ്രതികരണം. യുക്രെയിനില്‍ റഷ്യയ്ക്കായി ശക്തമായ പോരാട്ടം നടത്തിയവരാണ് വാഗ്നര്‍ ഗ്രൂപ്പ്. ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന് കാട്ടി ജൂണില്‍ പ്രിഗോഷിന്റെ നേതൃത്വത്തില്‍ വാഗ്നര്‍ അംഗങ്ങള്‍ റഷ്യയില്‍ കലാപ നീക്കം നടത്തിയിരുന്നു. ഇതോടെ പ്രിഗോഷിനും പുട്ടിനും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന സൗഹൃദം ശത്രുതയ്ക്ക് വഴിമാറുകയായിരുന്നു. “ഞങ്ങൾ തിരികെ വരുന്നു” എന്ന തലക്കെട്ടിലുള്ള വാഗ്നർ ഗ്രൂപ്പിന്റെ പോസ്റ്റുകളിൽ, കരാർ ഒപ്പിടാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്തിന് പുറത്തുള്ള പ്രവർത്തനങ്ങൾക്ക് റഷ്യൻ പാസ്‌പോർട്ട്, അവരുടെ കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും രേഖകൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വാഗനർഗ്രൂപ്പ് വീണ്ടും സജീവമാകുന്നു.

